ADVERTISEMENT

ലണ്ടനില്‍ നിന്നുള്ള യാത്രയുടെ വിശേഷങ്ങള്‍ പങ്കുവച്ച് നടി നവ്യാ നായര്‍. മഴയില്‍ കുതിര്‍ന്നു കിടക്കുന്ന ലണ്ടന്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ നവ്യയുടെ വിഡിയോയില്‍ കാണാം. മഴയില്‍ നനഞ്ഞ തെരുവുകളും തിളങ്ങുന്ന കെട്ടിടങ്ങളുമെല്ലാം നഗരത്തിനെ കൂടുതല്‍ മനോഹരമാക്കി. കാഴ്ചകള്‍ മാത്രമല്ല, ലണ്ടനിലെ പ്രശസ്തമായ മധുരം, 'ചോക്ലേറ്റ് സ്ട്രോബെറി' കഴിക്കുന്ന വിഡിയോയും നവ്യ പോസ്റ്റ്‌ ചെയ്തു. 'ലണ്ടനിലെ ഏറ്റവും മധുരമേറിയ അനുഭവം' എന്നാണ് നവ്യ ഇതിനെക്കുറിച്ച് പറയുന്നത്. 

Image Credit: navyanair143/instagram
Image Credit: navyanair143/instagram

സാധാരണയായി വലിയ കപ്പുകളിലോ ഗ്ലാസുകളിലോ ഫ്രഷ് സ്ട്രോബെറികൾ നിറച്ച്, അതിനുമുകളിൽ ഉരുക്കിയ ചോക്ലേറ്റ് നന്നായി ഒഴിച്ച് കൊടുക്കുന്നതാണ് ഇത്. ചിലപ്പോൾ ചോക്ലേറ്റ് സ്ട്രോബെറിക്കു മുകളിൽ പിസ്തയോ മറ്റ് നട്ട്സോ ചേർക്കാറുണ്ട്. ലണ്ടനിലെ ബോറോ മാർക്കറ്റ്(Borough Market) പോലുള്ള സ്ഥലങ്ങളിൽ ഇത് വളരെ പ്രശസ്തമാണ്. സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ടിക് ടോക്കിൽ, ഈ ഡിസര്‍ട്ട് വളരെയധികം വൈറലായിരുന്നു. ആളുകൾ വരിനിന്ന് ഇത് വാങ്ങുന്നത് സാധാരണ കാഴ്ചയാണ്. മുൻപ് മറ്റു പല സെലിബ്രിറ്റികളും ഇത് കഴിക്കുന്ന വിഡിയോ പങ്കുവച്ചിട്ടുണ്ട്. 

Image Credit: navyanair143/instagram
Image Credit: navyanair143/instagram

ലോകത്തിലെ ഏറ്റവും ആകർഷകമായ നഗരങ്ങളിൽ ഒന്നാണ് ലണ്ടൻ. ചരിത്രവും സംസ്കാരവും ആധുനികതയും ഒരുമിച്ച് ചേരുന്ന ഈ മഹാനഗരം ഓരോ സഞ്ചാരിക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകുന്നത്. തേംസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലണ്ടന്‍ എന്നും സഞ്ചാരികളുടെ സ്വപ്ന നഗരമാണ്. 

യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ലണ്ടൻ ടവര്‍, ബിഗ്‌ ബെന്‍, ബ്രിട്ടിഷ് മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം, ഹൗസ് ഓഫ് കോമൺസ്, ഹൗസ് ഓഫ് ലോർഡ്സ് തുടങ്ങിയവയെല്ലാം ഇവിടെ കാണേണ്ട കാഴ്ചകളില്‍ പെടുന്നു.

Image Credit: navyanair143/instagram
Image Credit: navyanair143/instagram

ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം പാലസ് ലണ്ടനിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇവിടെ നടക്കുന്ന "ചേഞ്ചിങ് ഓഫ് ദി ഗാർഡ്" ചടങ്ങ് കാണാൻ നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി എത്തുന്നത്. വേനൽക്കാലത്ത് പാലസിന്‍റെ ചില ഭാഗങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാറുണ്ട്.

ലണ്ടന്‍റെ പ്രതീകങ്ങളായ ലണ്ടൻ ബ്രിജും ടവർ ബ്രിജും നഗരത്തിന്‍റെ മനോഹര കാഴ്ചകളാണ്. ഗോഥിക് ശൈലിയിൽ നിർമിച്ച ടവർ ബ്രിജ്, അതിന്‍റെ ഗാംഭീര്യം കൊണ്ട് സന്ദർശകരെ ആകർഷിക്കുന്നു. പാലത്തിന്‍റെ ഉൾഭാഗം സന്ദർശിക്കാനും മുകളിലെ നടപ്പാതയിലൂടെ നടക്കാനും ഇവിടെ അവസരമുണ്ട്. ബിഗ് ബെൻ എന്നറിയപ്പെടുന്ന എലിസബത്ത് ടവറും സമീപത്തെ പാർലമെന്‍റ് ഹൗസുകളും ലണ്ടന്‍റെ മറ്റൊരു പ്രധാന ആകർഷണമാണ്. 

നഗരത്തിന്‍റെ വിശാലമായ കാഴ്ചകൾ ആസ്വദിക്കാൻ ലണ്ടൻ ഐ സന്ദര്‍ശിക്കാം. തേംസ് നദിയുടെ തീരത്തുള്ള ഈ ഭീമാകാരമായ ഫെറിസ് വീലിൽ കയറി ലണ്ടന്‍റെ മനോഹരമായ ആകാശക്കാഴ്ച ആസ്വദിക്കാം.

ചരിത്രത്തിലും കലയിലും താൽപ്പര്യമുള്ളവർക്ക് ബ്രിട്ടീഷ് മ്യൂസിയവും നാഷണൽ ഗാലറിയും സന്ദർശിക്കാം. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നായ ബ്രിട്ടീഷ് മ്യൂസിയത്തിൽ ഈജിപ്ഷ്യൻ മമ്മികൾ, റോസറ്റ സ്റ്റോൺ തുടങ്ങിയ അമൂല്യമായ പുരാവസ്തു ശേഖരങ്ങൾ കാണാം. ട്രഫാൽഗർ സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഗാലറിയിൽ വാൻഗോഗ്, മോണെ, ഡാവിഞ്ചി തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ ചിത്രങ്ങളുമുണ്ട്. ഈ രണ്ട് മ്യൂസിയങ്ങളിലും പ്രവേശനം സൗജന്യമാണ്.

navya-nair-london-travel-sq-travel720
Image Credit: navyanair143/instagram

ബ്രിട്ടീഷ് ചരിത്രത്തിന്‍റെ ഏടുകൾ തേടുന്നവർക്ക് ടവർ ഓഫ് ലണ്ടൻ സന്ദർശിക്കാം. ക്രൗൺ ജ്വൽസും ബീഫീറ്ററുകളും ഇവിടെ പ്രധാന ആകർഷണങ്ങളാണ്. ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകൾ നടക്കുന്നതും നിരവധി പ്രശസ്ത വ്യക്തികളെ അടക്കം ചെയ്തതുമായ വെസ്റ്റ്മിൻസ്റ്റർ ആബി, ചരിത്ര പ്രധാനമായ ഇടമാണ്. രാജകുടുംബത്തിലെ അംഗങ്ങളുടെ നിലവിലെ വസതിയായ കെൻസിങ്ടൺ പാലസും കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിലുണ്ട്.

ലണ്ടനിലെ ഏറ്റവും വലിയതും മനോഹരവുമായ പാർക്കുകളിലൊന്നാണ് ഹൈഡ് പാർക്ക്. ഇവിടെ നടക്കാനും വിശ്രമിക്കാനും ബോട്ടിങ് ചെയ്യാനും സാധിക്കും. തെരുവ് കലാകാരന്മാരും ഷോപ്പിങ് സൗകര്യങ്ങളും റസ്റ്ററന്റുകളും നിറഞ്ഞ കവന്‍റ് ഗാർഡൻ ഒരു സജീവമായ സ്ഥലമാണ്. രാത്രി ജീവിതത്തിനും റസ്റ്ററന്റുകൾക്കും തിയേറ്ററുകൾക്കും പേരുകേട്ട പ്രദേശമാണ് സോഹോ. 

Image Credit: navyanair143/instagram
Image Credit: navyanair143/instagram

ലണ്ടന്‍ സന്ദര്‍ശിക്കാന്‍ മികച്ച സമയം

ഏത് സമയത്ത് പോയാലും ലണ്ടനില്‍ കാണാന്‍ കാഴ്ചകള്‍ ഏറെയുണ്ട്. എന്നാല്‍, സുഖകരമായി പോയി വരാന്‍, ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള വേനൽക്കാലമാണ് ഏറ്റവും നല്ലത്. നല്ല വെയിലും ചൂടുമുണ്ടാകും, പകൽ കൂടുതൽ നേരം പുറത്തിറങ്ങി കറങ്ങാനുമെല്ലാം ഇത് സൗകര്യമാണ്. പക്ഷേ, ഈ സമയത്ത് നല്ല തിരക്കുണ്ടാകുമെന്നതിനാല്‍ ഫ്ലൈറ്റ് ടിക്കറ്റിനും താമസത്തിനും ചെലവ് കൂടും.

കുറഞ്ഞ തിരക്കും മെച്ചപ്പെട്ട കാലാവസ്ഥയും വേണമെങ്കിൽ, മാർച്ച് മുതൽ മേയ് വരെയുള്ള വസന്തകാലവും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള ശരത്കാലവും തിരഞ്ഞെടുക്കാം. ഈ സമയത്ത് പാർക്കുകളിലെ പൂന്തോട്ടങ്ങളെല്ലാം കാണാൻ നല്ല ഭംഗിയായിരിക്കും, ഹോട്ടൽ നിരക്കുകൾക്കും കുറവുണ്ടാകാൻ സാധ്യതയുണ്ട്.

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള തണുപ്പുകാലത്ത് നല്ല തണുപ്പും മഴയുമുണ്ടാകുമെങ്കിലും ക്രിസ്മസ് മാർക്കറ്റുകളും പുതുവർഷ ആഘോഷങ്ങളുമെല്ലാം ലണ്ടനെ കൂടുതൽ മനോഹരമാക്കും.

English Summary:

Navya Nair's Enchanting London Journey: A Vlog You Won't Want to Miss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com