ADVERTISEMENT

ലോകത്തിലെ ഏറ്റവും കൂടിയ ദൂരത്തിലുള്ള വിമാന സര്‍വീസ് ആരംഭിക്കാന്‍ ക്വാന്റാസ് എയര്‍വേസ്. 'പ്രൊജക്ട് സണ്‍റൈസ്' എന്നു പേരിട്ടിരിക്കുന്ന ഈ സര്‍വീസ് 2027ല്‍ ആരംഭിക്കാനാണ് ശ്രമം. സിഡ്‌നിയില്‍ നിന്നും ലണ്ടനിലേക്കും ന്യൂയോര്‍ക്കിലേക്കുമായിരിക്കും ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് നടത്തുക. 17,800 കിലോമീറ്റര്‍ ദൂരമുള്ള സിഡ്‌നി-ലണ്ടന്‍ വിമാനയാത്രയ്ക്ക് 20 മണിക്കൂര്‍ സമയമെടുക്കും. 

Image Credit: qantas/official
A350 First and Business class cabins. Image Credit: qantas/official

പ്രത്യേകം ഡിസൈന്‍ ചെയ്ത എയര്‍ബസ് എ350-1000 വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. ഈ വിമാനങ്ങളില്‍ ഫസ്റ്റ്ക്ലാസ്, ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി 238 യാത്രികര്‍ക്ക് സഞ്ചരിക്കാനാവും. സീറ്റുകളില്‍ 40 ശതമാനത്തിലേറെയും പ്രീമിയം വിഭാഗത്തില്‍ പെടുന്നവയാണെന്നതും ശ്രദ്ധേയമാണ്. മണിക്കൂറുകള്‍ നീളുന്ന ദീര്‍ഘ ദൂരയാത്രയായതിനാല്‍ യാത്രികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണിത്. 

ഫസ്റ്റ് ക്ലാസ് സ്യൂട്ടുകളില്‍ യാത്രികര്‍ക്ക് പ്രത്യേകം കാബിനുകള്‍ ഉണ്ടായിരിക്കും. ഓരോ കാബിനിലും 32 ഇഞ്ച് എന്റര്‍ടെയിന്‍മെന്റ് സ്‌ക്രീനും ശുചിമുറിയും കിടക്കയും റിക്ലൈനര്‍ ചെയറും ഉണ്ടാവും. കൂടുതല്‍ ലെഗ് റൂമുള്ള എര്‍ഗോനൊമിക് സീറ്റുകളാണ് പ്രീമിയം ഇക്കോണമി, ഇക്കോണമി ക്ലാസുകളിലുണ്ടാവുക. ബിസിനസ് ക്ലാസിലാണെങ്കില്‍ യാത്രികര്‍ക്ക് സ്വകാര്യത ഉറപ്പാക്കുന്ന പ്രൈവസി വാളുകളും ലഭ്യമാവും. എല്ലാ യാത്രികര്‍ക്കും ഉപയോഗിക്കാവുന്ന വെല്‍ബീയിങ് സോണില്‍ ലഘുഭക്ഷണം അടക്കമുള്ള സൗകര്യങ്ങളും ലഭ്യമായിരിക്കും. 

ഏകദേശം ഒരു ദിവസത്തോളം നീളുന്ന ആകാശ യാത്രയായതിനാല്‍ യാത്രികര്‍ക്ക് ജെറ്റ് ലാഗ് പോലുള്ള പ്രശ്‌നങ്ങളേയും നേരിടേണ്ടി വരും. സിഡ്‌നി സര്‍വകലാശാലയിലെ ചാള്‍സ് പെര്‍കിന്‍സ് സെന്ററുമായി സഹകരിച്ച് വിദഗ്ധരുമായി സഹകരിച്ച് യാത്രികരുടെ ജെറ്റ് ലാഗ് പരമാവധി കുറക്കുന്നതിനായുള്ള ശ്രമങ്ങളും ക്വാന്റാസ് നടത്തുന്നു. കാബിനുകളിലെ പ്രത്യേക ലൈറ്റിങ്, ഉറക്കത്തിന് സഹായിക്കും വിധമുള്ള ഭക്ഷണം, വിമാനത്തിനുള്ളില്‍ വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം യാത്രികര്‍ക്കായി ഒരുക്കും. 

ഇത്രയും ദൂരമുള്ള പാതകളില്‍ പ്രതിദിന വിമാന സര്‍വീസ് നടത്തുന്നതിന് ക്വാന്റാസ് എയര്‍ലൈന്‍സിന് കുറഞ്ഞത് മൂന്ന് എയര്‍ബസ് എ350-1000 വിമാനങ്ങള്‍ ആവശ്യമാണ്. 2026 അവസാനത്തോടെയാവും ഈ വിമാനങ്ങള്‍ ക്വാന്റാസ് എയര്‍ലൈന്‍സിന് ലഭ്യമാവുക. ഡിസൈനില്‍ അധികമായി ഇന്ധനം സൂക്ഷിക്കാനുള്ളതിന് അടക്കമുള്ള മാറ്റങ്ങള്‍ വരുത്തിയ ശേഷമാവും എ350-1000 വിമാനങ്ങള്‍ എത്തുക. വെല്ലുവിളികള്‍ പരിഹരിച്ചുകൊണ്ട് 2027 ആരംഭത്തില്‍ തന്നെ പ്രൊജക്ട് സണ്‍റൈസ് ആരംഭിക്കാനാവുമെന്നാണ് ക്വാന്റാസ് എയര്‍ലൈന്‍സ് കണക്കുകൂട്ടുന്നത്. 

പ്രൊജക്ട് സണ്‍റൈസിന് സാമ്പത്തികവും പാരിസ്ഥിതികവുമായ വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ട്. അതീവ ദീര്‍ഘ ദൂര വിമാന സര്‍വീസുകളായതിനാല്‍ തന്നെ കൂടുതല്‍ മനുഷ്യ വിഭവവും ഇന്ധനവും കൈകാര്യം ചെയ്യേണ്ടതുണ്ട്. അധിക ഇന്ധനത്തിന്റെ ഭാരം ഇന്ധന ക്ഷമത കുറക്കുകയും ചെയ്യും. ഈ വെല്ലുവിളി നേരിടാന്‍ പരമാവധി ഇന്ധനക്ഷമതയുള്ള വിമാനമാണ് ഉപയോഗിക്കുക. ഒപ്പം സുസ്ഥിരമായ ഇന്ധനത്തിനുള്ള സാധ്യതകളും പരിശോധിക്കും. നിരവധി വെല്ലുവിളികള്‍ മറികടന്നുകൊണ്ട് പ്രൊജക്ട് സണ്‍റൈസ് യാഥാര്‍ഥ്യമാക്കിയാല്‍ പ്രീമിയം സര്‍വീസിന് പ്രീമിയം ടിക്കറ്റ് നിരക്കുകളാവും ഈടാക്കുക. ഈ പദ്ധതി യാഥാര്‍ഥ്യമാവുന്നത് വ്യോമയാന മേഖലക്കു തന്നെ പുതിയ നാഴികക്കല്ലാവുമെന്നാണ് കരുതപ്പെടുന്നത്.

English Summary:

Qantas' Project Sunrise: World's Longest Non-Stop Flight Takes Off in 2027

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com