ADVERTISEMENT

രോമം പൊഴിച്ചിൽ വളരെ കുറഞ്ഞ, മനുഷ്യർക്ക് അലർജിയുണ്ടാക്കാത്ത നായയിനങ്ങളെ അന്വേഷിക്കുന്ന ഒട്ടേറെ പേർ കേരളത്തിലുണ്ട്. അലർജി മൂലം നായസ്നേഹം മാറ്റിവയ്ക്കുന്നവരും ഇക്കൂട്ടത്തിലുണ്ടാകും. അവർക്കെല്ലാം അനായാസം വളർത്താനും അടുത്തിടപഴകാനും കഴിയുന്ന നായ ഇനങ്ങളാണ് ഹൈപ്പോഅലർജെനിക് ഡോഗ്സ് ഗണത്തിൽ വരിക. പൂഡിൽ, മാൾട്ടീസ്, ഷീറ്റ്സൂ പോലെ ഏറെ ജനപ്രീതിയുള്ള ഇനങ്ങൾ ഈ ഗണത്തിൽ വരുന്നവയാണ്. എന്നാൽ, കേരളത്തിൽ അധികമാരും വളർത്താത്ത മിനിയേച്ചർ സ്നൗസർ (Miniature Schnauzer) എന്ന ഇനവും ഇതേ ഗണത്തിൽ പെടും. 

വീടിനുള്ളിൽ വളർത്താൻ കഴിയുന്ന ഹൈപ്പോഅലർജെനിക് നായ്ക്കളെക്കുറിച്ചുള്ള അന്വേഷണത്തിൽ തൃശൂർ ചെമ്പുക്കാവ് സ്വദേശി ജിസ്റ്റോ ഷാജി ചെന്നെത്തിയത് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയിൽ! ഒബാമയുടെ മക്കൾക്ക് നായ്ക്കളുടെ രോമം അലർജിയായിരുന്നു. അതുകൊണ്ട് അമേരിക്കൻ കെന്നൽ ക്ലബ് അദ്ദേഹത്തിന് നിർദേശിച്ച ഇനം മിനിയേച്ചർ സ്നൗസറായിരുന്നു. രോമം പൊഴിയാൻ പാടില്ല, ബുദ്ധിയുണ്ടാകണം, ഉടമയെ കണ്ടില്ലെങ്കിലും ഉത്കണ്ഠ ഉണ്ടാകാൻ പാടില്ല, നല്ലൊരു ട്രാവൽ കംപാനിയൻ ആയിരിക്കണം എന്നിവയായിരുന്നു ജിസ്റ്റോയുടെ ആവശ്യം. ഈ ആവശ്യങ്ങളെല്ലാം മിനിയേച്ചർ സ്നൗസറിലുണ്ട്. നീളൻ കൺപീലികളും താടിരോമങ്ങളുമുള്ള കാണാൻ കൗതുകരൂപമുള്ള സ്നൗസർ നായ്ക്കളെ ജിസ്റ്റോയ്ക്ക് നന്നേ ബോധിച്ചു. അങ്ങനെയാണ് 15 വർഷം മുൻപ് ആദ്യമായി ഒരു നായയെ തൃശൂരിലെ വീട്ടിലെത്തിക്കുന്നത്. ആ നായ പിന്നീട് പാമ്പുകടിയേറ്റ് മരണപ്പെട്ടെങ്കിലും വർഷങ്ങൾ പിന്നിടുമ്പോൾ സ്നൗസർ ഇനങ്ങളുടെ മികച്ചൊരു ശേഖരം ജിസ്റ്റോയുടെ കെന്നലിലുണ്ട്. അ‍ഞ്ചു വർഷമായി ബ്രീഡിങ്ങുമുണ്ട്. സ്നൗസർ ഇനത്തിൽത്തന്നെ മിനിയേച്ചർ സ്നൗസറും ജയന്റ് സ്നൗസറും ഒപ്പം പൂഡിൽ പോലുള്ള മറ്റു കുഞ്ഞൻ ഇനങ്ങളും ഇവിടെയുണ്ട്.

സ്നൗസറിൽത്തന്നെ മിനിയേച്ചർ സ്നൗസറാണ് ജിസ്റ്റോയുടെ പ്രിയ ഇനം. റഷ്യയിൽനിന്ന് കൊണ്ടുവന്ന റോത്ത എന്ന പെൺനായ എപ്പോഴും ജിസ്റ്റോയുടെ പിന്നാലെ കാണും. അത്രയ്ക്ക് അടുപ്പമാണ് തങ്ങൾ തമ്മിലുള്ളതെന്ന് ജിസ്റ്റോ പറയുന്നു. യാത്ര ചെയ്യുമ്പോഴും ട്രക്കിങ്ങിന് പോകുമ്പോഴും ജിസ്റ്റോയ്ക്കൊപ്പം റോത്തയും കാണും.

Miniature-Schnauzer-jisto-3

മൂന്നു സ്നൗസർ ബ്രീഡുകളിൽ ഏറ്റവും ചെറുതാണ് മിനിയേച്ചർ സ്നൗസർ. സ്റ്റാൻഡാർഡ്, ജയന്റ് എന്നിവയാണ് മറ്റിനങ്ങൾ. സോൾട്ട് ആൻഡ് പെപ്പർ, ബ്ലാക്ക് ആൻഡ് സിൽവർ, സോളിഡ് ബ്ലാക്ക് എന്നിങ്ങനെ മൂന്നു നിറങ്ങളിൽ കാണപ്പെടുന്ന ഇവ നല്ലൊരു വാച്ച് ഡോഗാണ്. ജർമനിയിൽ ഉരുത്തിരിച്ചെടുത്ത മിനിയേച്ചർ സ്നൗസറുകളെ പ്രധാനമായും ഫാംഡോഗ് ആയി എലികളെ പിടിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. അൽപം അഗ്രസീവ് സ്വഭാവമുണ്ടെങ്കിലും ഉടമയോടും കുടുംബാംഗങ്ങളോടും വളരെ കരുതലും സ്നേഹവുമുണ്ട്. കുട്ടികൾക്ക് നല്ലൊരു സഹയാത്രികനും സുഹൃത്തും സംരക്ഷകരുമൊക്കെയാകാൻ ഇവർക്കു കഴിയും. അതുപോലെ അനാവശ്യമായി ശബ്ദമുണ്ടാക്കുന്ന പ്രകൃതമല്ല, എന്നാൽ, അവശ്യ സമയങ്ങളിൽ നല്ല രീതിയിൽ കുരയ്ക്കുകയും ചെയ്യും.

Miniature-Schnauzer-jisto-2

രോമം കൂടുതലുള്ള നായ്ക്കൾക്ക് ഒമേഗ കൂടുതലുള്ള ഭക്ഷണം നൽകണമെന്നാണ് പലരും പറയാറ്. എന്നാൽ, ഇവർക്ക് അതിന്റെ ആവശ്യം വരുന്നില്ല. നമ്മുടെ തലമുടിയേക്കാൾ കൂടുതൽ കട്ടിയുള്ള രോമമായതിനാലാണ് പൊഴിച്ചിൽ ഉണ്ടാകാത്തത്. അതുകൊണ്ടുതന്നെ ഒമേഗ കൂടുതലുള്ള ഭക്ഷണം നൽകാറില്ല. എന്നാൽ, പ്രീമിയം വിഭാഗത്തിലുള്ള ഡോഗ്‌ഫുഡ് നൽകുന്നുണ്ട്. ചോറ് പോലെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ കൊടുക്കാറില്ലെന്ന് ജിസ്റ്റോ.

ഫോൺ: 99464 68888

English Summary:

Miniature Schnauzers are low-shedding, hypoallergenic dogs making them ideal pets for allergy sufferers in Kerala. This breed's intelligence, adaptability, and loving nature make them wonderful family companions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com