ADVERTISEMENT

മികച്ച ഒരു വ്യായാമമായിട്ടാണ്‌ നടപ്പിനെ എല്ലാവരും പരിഗണിക്കുന്നത്‌. ദിവസവും നടക്കുന്നുണ്ടെങ്കില്‍ പിന്നെ ഒന്നും പേടിക്കാനില്ലെന്ന ഒരു ധാരണ പലര്‍ക്കും ഉണ്ട്‌ താനും. എന്നാല്‍ പരിപൂര്‍ണ്ണമായ ഫിറ്റ്‌നസിന്‌ നടപ്പ്‌ മാത്രം പോരെന്നും ഇതിനൊപ്പം സ്‌ട്രെങ്‌ത്‌ ട്രെയ്‌നിങ്‌ പോലുള്ള വ്യായാമങ്ങള്‍ അത്യാവശ്യമാണെന്നും ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. പ്രത്യേകമായ യന്ത്രങ്ങളോ പണചെലവോ ഒന്നും ആവശ്യമില്ലാത്തതിനാല്‍ പലരും വ്യായാമത്തിനായി തിരഞ്ഞെടുക്കുന്ന കാര്യമാണ്‌ നടപ്പ്‌. ദിവസവും 7000 സ്റ്റെപ്പ്‌ നടക്കുന്നവര്‍ക്ക്‌ അകാല മരണ സാധ്യത 50 മുതല്‍ 70 ശതമാനം വരെ കുറവായിരിക്കുമെന്ന്‌ ജാമാ നെറ്റ്‌ വര്‍ക്ക്‌ ഓപ്പണില്‍ പ്രസിദ്ധീകരിച്ച ഒരു പഠനവും ചൂണ്ടിക്കാട്ടുന്നു. ഹൃദയത്തിനും ശ്വാസകോശത്തിനുമൊക്കെ നടപ്പ്‌ നല്ലത്‌ തന്നെയാണ്‌.

എന്നാല്‍ മറ്റ്‌ വ്യായാമങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ പരിപൂര്‍ണ്ണ ഫിറ്റ്‌നസ്‌ കൈവരിക്കാന്‍ സാധിക്കുകയുള്ളെന്ന്‌ ഫിറ്റ്‌നസ്‌ പരിശീലകര്‍ ചൂണ്ടിക്കാണിക്കുന്നു. നല്ല ആരോഗ്യത്തിന്‌ ആഴ്‌ചയില്‍ 150 മുല്‍ 300 മിനിട്ട്‌ വരെ മിതമായ തീവ്രതയിലുള്ള എയറോബിക്‌ പ്രവര്‍ത്തനങ്ങളും കുറഞ്ഞത്‌ രണ്ട്‌ തവണ പേശികള്‍ ശക്തിപ്പെടുത്താനുള്ള വ്യായാമവുമാണ്‌ ലോകാരോഗ്യ സംഘടനും അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷനും നിര്‍ദ്ദേശിക്കുന്നത്‌. എന്നാല്‍ ഇന്ത്യക്കാരില്‍ സജീവമായി വ്യായാമം ചെയ്യുന്നവരില്‍ 59 ശതമാനവും സ്‌ട്രെങ്‌ത്‌ ട്രെയ്‌നിങ്‌ ചെയ്യാറില്ലെന്ന്‌ കണക്കാക്കുന്നു. ഇത്‌ പ്രായമാകും തോറും പ്രശ്‌നമാകും. പേശികളുടെ മാസ്‌ കുറയാനും അവ ദുര്‍ബലമാകാനും പരുക്കുകള്‍ ഉണ്ടാകാനും ബാലന്‍സ്‌ നഷ്ടപ്പെടാനുമൊക്കെ സ്‌ട്രെങ്‌ത്‌ ട്രെയ്‌നിങ്ങിന്റെ അഭാവം കാരണമാകും.

ചിലരുണ്ട്‌. സ്‌ട്രെങ്‌ത്‌ ട്രെയ്‌നിങ്‌ ഒക്കെ ചെയ്യാന്‍ മടിയായത്‌ കൊണ്ട്‌ കുറച്ചധികം നടന്നേക്കാമെന്ന്‌ വിചാരിക്കും. ഇത്തരത്തില്‍ അമിതമായി നടക്കുന്നതും സന്ധികള്‍ക്ക്‌ സമ്മര്‍ദ്ധവും പേശികള്‍ക്ക്‌ ആയാസവും ഉണ്ടാക്കും. അനുയോജ്യമല്ലാത്ത ചെരുപ്പും മോശം ശരീര പോസ്‌ചറും നിലനിര്‍ത്തുന്ന മുതിര്‍ന്നവര്‍ക്ക്‌ ഇതിന്‌ സാധ്യത അധികമാണ്‌. ഇത്‌ ഇടുപ്പിനും മുട്ടുകള്‍ക്കും പുറത്തിനുമൊക്കെ വേദനയും ഉണ്ടാക്കാം. എപ്പോഴും ശരീരം നല്‍കുന്ന സൂചനകള്‍ മനസ്സിലാക്കി  ആവശ്യമെങ്കില്‍ ഇടയ്‌ക്ക്‌ വിശ്രമം എടുക്കേണ്ടതും അത്യാവശ്യമാണ്‌. നല്ല സപ്പോര്‍ട്ട ലഭിക്കുന്ന ഷൂസുകള്‍ തിരഞ്ഞെടുക്കേണ്ടതും മുഖ്യമാണ്‌. സ്‌ക്വാട്ടുകള്‍, ലഞ്ചുകള്‍, പ്ലാങ്ക്‌ റെസിസ്റ്റന്‍സ്‌  ബാന്‍ഡ്‌ വര്‍ക്ക്‌ ഔട്ടുകള്‍ എന്നിവയെല്ലാം സ്‌ട്രെങ്‌ത്‌ ട്രെയ്‌നിങ്‌ നല്‍കുന്നവയാണ്‌. ബോള്‍ ഗെയ്‌മുകള്‍, റാക്കറ്റ്‌ സ്‌പോര്‍ട്‌സുകള്‍, നൃത്തം എന്നിവ ഏകോപനവും ശരീരവഴക്കവും മെച്ചപ്പെടുത്തും. നടപ്പിനൊപ്പം ഇവയും യോഗ, ബാലന്‍സ്‌ വ്യായാമങ്ങള്‍ എന്നിവയും പരീക്ഷിക്കാവുന്നതാണ്‌.

English Summary:

The Hidden Dangers of Relying ONLY on Walking for Exercise. Beyond Walking The Complete Fitness Plan for a Longer, Healthier Life.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com