പ്രോസ്‌റ്റേറ്റ് അര്‍ബുദ നിര്‍ണ്ണയത്തില്‍ വഴിത്തിരിവാകുമോ ഉമിനീര്‍ പരിശോധന ?

Mail This Article
പുരുഷന്മാരുടെ ലിംഗത്തിനും മൂത്രസഞ്ചിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് പ്രോസ്‌റ്റേറ്റ്. ശുക്ലത്തിന്റെ ഉത്‌പാദനമാണ് ഈ ഗ്രന്ഥിയുടെ മുഖ്യ ജോലി. ഈ ഗ്രന്ഥിക്ക് വരുന്ന അര്‍ബുദമാണ് പ്രോസ്‌റ്റേറ്റ് അര്‍ബുദം. പൊതുവേ 65 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലാണ് ഇത് കണ്ട് വരുന്നത്. നിലവില്‍ രക്തത്തിലെ പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍ (പിഎസ്‌എ) തോതും ഡിജിറ്റല്‍ റെക്ടല്‍ എക്‌സാമിനേഷനും വഴിയാണ് പ്രോസ്‌റ്റേറ്റിന്റെ പ്രാഥമിക രോഗനിര്‍ണ്ണയം നടത്താറുള്ളത്. എന്നാല്‍ അത്ര കൃത്യമല്ലാത്ത പിഎസ്‌എ പരിശോധന തെറ്റായ ഫലങ്ങള്‍ പലരിലും കാണിക്കാറുണ്ട്. ഇത് മൂലം ബയോപ്‌സി, എംആര്‍ഐ സ്‌കാന്‍ പോലുള്ള അനാവശ്യമായ പരിശോധനകള്‍ക്ക് ചിലരെങ്കിലും വിധേയരാകേണ്ടിയും വരാറുണ്ട്.
ഈ സാഹചര്യത്തിലാണ് ഉമിനീര്‍ പരിശോധനയിലൂടെ പ്രോസ്‌റ്റേറ്റ് സാധ്യത അളക്കുന്ന കണ്ടെത്തല്‍ യുകെയിലെ ഒരു സംഘം ശാസ്‌ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ശരീരത്തിനുള്ളിലെ പ്രോസ്‌റ്റേറ്റ് ലക്ഷണങ്ങളല്ല ഈ ഉമിനീര്‍ പരിശോധനയിലൂടെ നോക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പകരം പുരുഷന്മാരുടെ ഡിഎന്‍എയിലുള്ള 130ലധികം ജനിതക പരിവര്‍ത്തനങ്ങളാണ് പരിശോധിക്കപ്പെടുക. ഈ പരിവര്‍ത്തനങ്ങള്‍ ഓരോന്നും പ്രോസ്‌റ്റേറ്റ് അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതാണെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. 55 നും 69നും ഇടയിലുള്ള പുരുഷന്മാരിലാണ് ഉമിനീര്‍ പരിശോധന ഉപയോഗിച്ചുള്ള പഠനം നടത്തിയത്. ഇതില്‍ ഏറ്റവുമധികം സ്‌കോര്‍ ലഭിച്ച 10 ശതമാനം പേരെ ബയോപ്‌സിയും എംആര്‍ഐ സ്‌കാനും ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കായി ക്ഷണിച്ചു.
ഉയര്‍ന്ന സ്‌കോര്‍ ലഭിച്ച 745 പേരില്‍ 468 പേരാണ് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരായത്. ഇതില്‍ 187 പേര്‍ക്ക് പ്രോസ്‌റ്റേറ്റ് അര്‍ബുദം സ്ഥിരീകരിച്ചു. 103 പേര്‍ക്ക് ചികിത്സ ആവശ്യമുള്ള ഉയര്‍ന്ന റിസ്‌കുള്ള മുഴകളുണ്ടെന്നും കണ്ടെത്തി. ലളിതമായ ഈ പരിശോധനയിലൂടെ ശരിക്കും പ്രോസ്‌റ്റേറ്റ് സാധ്യതയുള്ള പുരുഷന്മാരെ കണ്ടെത്തി അവര്‍ക്ക് മാത്രം കൂടുതല്‍ പരിശോധന നടത്തിയാല്‍ മതിയാകുമെന്ന് ലണ്ടന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചിലെ പ്രഫ. റോസ് എലെസ് പറയുന്നു. എന്നാല്‍ ഗവേഷണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മാത്രമാണ് ഈ ഉമിനീര്‍ പരിശോധന ഇപ്പോഴുള്ളത്. ഇത് ഒരു ചികിത്സ മാര്‍ഗ്ഗമായി വളര്‍ന്ന് വരാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.