ന്യൂജഴ്സിയിൽ ദിവ്യകാരുണ്യ കോൺഗ്രസും പ്രദക്ഷിണവും സംഘടിപ്പിച്ചു

Mail This Article
ന്യൂജഴ്‌സി ∙ ഷിക്കാഗോ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂജഴ്‌സിയിലെ സോമർസെറ്റ് ഇടവകയിൽ ഈ മാസം 23, 24, 25 തീയതികളിൽ ദിവ്യകാരുണ്യ കോൺഗ്രസും പ്രദക്ഷിണവും നടന്നു. ഷിക്കാഗോ രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടും 12 വൈദികരും ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നേതൃത്വം നൽകി.
സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഷിക്കാഗോ രൂപതയുടെ പ്രഥമ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, വിവിധ ഇടവകകളിലെ വികാരിമാർ, വൈദിക വിദ്യാർഥികൾ, സന്യാസിനികൾ, അൾത്താര ശുശ്രൂഷകർ, ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ, ഇടവക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഫ്രാങ്ക്‌ളിൻ സ്കൂളിൽനിന്നാരംഭിച്ച പ്രദക്ഷിണം സോമർസെറ്റ് സൈന്റ്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ വച്ച് മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിച്ച ദിവ്യകാരുണ്യ ആശീർവാദത്തോടെ സമാപിച്ചു.
ജൂബിലി ആഘോഷത്തിൽ മാർ റാഫേൽ തട്ടിൽ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. അമേരിക്കയിലെ ലത്തീൻ സഭയ്ക്കും രൂപതയുടെ വളർച്ചയ്ക്ക് സഹായിച്ചവർക്കും അദ്ദേഹം നന്ദി പറഞ്ഞു. മാർ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തെയും മാർ തട്ടിൽ സ്മരിച്ചു. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഡോ. സ്കോട്ട് ഹാൻ, പോൾ ജെ. കിം, അലക്സ് ഗോടൈ, ഡോ. ലോറൻസ് ഫിൻഗോൾഡ്, ഫാ. കെവിൻ മുണ്ടക്കൽ, സി. ആഗ്നസ് എന്നിവർ പ്രഭാഷണങ്ങൾ നടത്തി. അതിഥേയ ഇടവകാംഗങ്ങൾ "ജീവന്റെ അപ്പം" എന്ന സ്റ്റേജ്‌ഷോ അവതരിപ്പിച്ചു.
കോൺഗ്രസിന്റെ കോഓർഡിനേറ്റർ വികാരി ജനറാൾ റവ. ഫാ. തോമസ് കാടുകപ്പിള്ളിൽ, സോമർസെറ്റ് ഇടവക വികാരി റവ. ഫാ. ആന്റണി സേവ്യർ പുല്ലുകാട്ട്, ഇടവക ഭാരവാഹികൾ, യുവജനങ്ങൾ എന്നിവർക്ക് മാർ ജോയ് ആലപ്പാട്ട് നന്ദി അറിയിച്ചു.വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം, ചാൻസലർ റവ. ഫാ. ജോർജ് ദാനവേലിൽ, വൈസ് ചാൻസലർ റവ. ഫാ. ജോൺസൺ കോവൂർപുത്തൻപുര, പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നടുവേലിചാലുങ്കൽ എന്നിവരും നേതൃത്വം നൽകി. 2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിൽ നടക്കുന്ന സിറോ മലബാർ കൺവൻഷന്റെ കിക്ക് ഓഫും നടന്നു.