ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് യാമ്പു, അബഹ, തബൂക്ക് എന്നിവിടങ്ങളിൽ സേവന ക്യാംപുകൾ നടത്തും

Mail This Article
യാമ്പു ∙ പ്രവാസി ഇന്ത്യക്കാർക്കായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സേവന ക്യാംപുകൾ സംഘടിപ്പിക്കുന്നു. യാമ്പു, അബഹ, തബൂക്ക് എന്നിവിടങ്ങളിലാണ് ക്യാംപ് നടക്കുന്നത്. പാസ്‌പോർട്ട് പുതുക്കൽ, വിവിധ രേഖകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങളാണ് ഈ ക്യാംപുകളിൽ ലഭ്യമാകുക.
ജൂൺ 13ന് രാവിലെ 8.30 മുതൽ യാമ്പു ടൗണിലെ കമേഴ്സ്യൽ പോർട്ടിന് എതിർവശത്തുള്ള ഹയാത്ത് റദ്വ ഹോട്ടലിൽ വെച്ചായിരിക്കും കോൺസുലേറ്റ് സേവന കേന്ദ്രം പ്രവർത്തിക്കുക. ഈ മേഖലയിലുള്ള പ്രവാസികൾ കോൺസുലേറ്റ് സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ മുൻകൂട്ടി നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കേണ്ടതാണ്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും.
സൗദി ഗവൺമെൻ്റ് നിർദ്ദേശിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിച്ചു വേണം സേവനങ്ങൾ സ്വീകരിക്കാൻ എന്നും കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്.
കൂടാതെ, ജൂൺ 20ന് അബഹയിലും കോൺസുലേറ്റ് സംഘം സന്ദർശനം നടത്തും. ഖമീസ് മുഷൈത്തിലെ തിയാഫാഹ്, ഇമാം മുഹമ്മദ് ബിൻ സൌദ് റോഡിലെ ഗൊറാഷ് ഹോട്ടലിലാണ് അന്നേദിവസത്തെ സേവനകേന്ദ്രം പ്രവർത്തിക്കുക. രേഖകൾ സാക്ഷ്യപ്പെടുത്താൻ ആഗ്രഹിക്കുന്നവർ അന്നേദിവസം മുൻകൂട്ടി ഓൺലൈനിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം.
ജൂൺ 27 ന തബൂക്ക് മേഖലയിൽ കോൺസുലേറ്റ് സംഘം സന്ദർശനം നടത്തും. ഫൈസല്യയിലെ പ്രിൻസ് അബ്ദുൽ റഹ്മാൻ ബിൻ ഫൈസൽ സ്ട്രീറ്റിലുള്ള അൽ ഗുറൈബ് കോംപ്ലക്സിലെ വിഎഫ്എസ് ഇന്ത്യാ ഗ്ലോബൽ പാസ്പോർട്ട് ആപ്ലിക്കേഷൻ കേന്ദ്രത്തിലാണ് സേവനങ്ങൾ ലഭ്യമാകുക. തബൂക്കിലെ സേവനങ്ങൾക്കായി ഒരാഴ്ച മുൻകൂട്ടി ലിങ്ക് വഴി അപ്പോയിന്റ്മെന്റ് എടുക്കേണ്ടത് നിർബന്ധമാണ്.