ക്രൂരത! ഭാഗ്യം തേടിയെത്തുമെന്ന് പ്രചരണം; കടുവയുടെ രോമങ്ങൾ പറിച്ചെടുത്ത് സന്ദർശകർ

Mail This Article
മൃഗങ്ങളെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്നവർ ഏറെയാണ്. പൂച്ചയെയും പട്ടിയെയും ഉപദ്രവിക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാൽ ചൈനയിലെ ചിലർ കടുവയെയാണ് ഉപദ്രവിക്കുന്നത്. ചൈനയിലെ ലിയോണങ് പ്രവിശ്യയിലുള്ള മൃഗശാലയില്‍ കൂട്ടിൽ കിടക്കുന്ന കടുവയുടെ രോമം പറിച്ചെടുക്കുന്ന സന്ദർശകരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മൃഗശാലയിൽ കടുവകൾക്ക് വിശ്രമിക്കാനായി ടണൽ ഒരുക്കിയിട്ടുണ്ട്. അതിനു താഴെയായി സന്ദർശകർക്ക് പ്രവേശനം ഉണ്ട്. കടുവ കിടക്കുമ്പോൾ കമ്പികൾക്കിടയിലൂടെ വാലിൽ നിന്നും വയറ്റിൽ നിന്നുമെല്ലാം രോമം പറിച്ചെടുക്കുകയാണ്. കടുവയുടെ രോമം ദോഷം മാറ്റി വീടിന് സംരക്ഷണമുണ്ടാകുമെന്നും ഭാഗ്യം തേടിയെത്തുമെന്നുമാണ് രോമങ്ങൾ ശേഖരിക്കുന്ന ഒരു സ്ത്രീ പറയുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച് മൃഗങ്ങളുടെ രാജാവ് കടുവയാണ്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായി കണ്ടിരുന്ന ഇവയെ സൈനിക യുദ്ധദേവന്മാരുമായി ബന്ധപ്പെടുത്തിയിരുന്നു. ഇവയുടെ രോമം ദുരാത്മാക്കളെ അകറ്റുമെന്നും ഭാഗ്യം കൊണ്ടുവരുമെന്നും ചിലർ വിശ്വസിക്കുന്നു. വിഡിയോ പ്രചരിച്ചതോടെ കടുത്ത വിമർശനം ഉയരുകയാണ്. മൃഗങ്ങളെ തൊടുന്നത് വിലക്കിയിട്ടുണ്ടെന്നും ചില സന്ദർശകരെ തടയാൻ കഴിഞ്ഞില്ലെന്നുമാണ് മൃഗശാല അധികൃതർ നൽകിയ വിശദീകരണം.