ബീഫ് ഫ്രൈയുടെയും മീൻ പൊരിച്ചതിന്റെയും ഒപ്പം സവാള പച്ചയ്ക്ക് കഴിക്കാറുണ്ടോ? അറിയാതെ പോകരുത്

Mail This Article
ബീഫ് ഫ്രൈയും ഫിഷ് ഫ്രൈയുമൊക്കെ ഹോട്ടലിൽ ഓർഡർ ചെയ്താൽ സവാളയും കാരറ്റുമൊക്കെ ചേർത്ത് അലംങ്കരിച്ചാണ് തീൻമേശയിൽ എത്തുന്നത്. ഇങ്ങനെ സവാള പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ട് ഗുണമാണോ ദോഷമാണോ ഉള്ളത്? സത്യത്തിൽ സവാള ആരോഗ്യത്തിന് നല്ലതാണോ?
സവാളയ്ക്ക ഒട്ടേറെ ഗുണങ്ങളുണ്ട്. ജലാംശത്താൽ സമ്പുഷ്ടമായ സവാളയിലെ പ്രധാന ഘടകങ്ങളിൽ ഒന്ന് നാരുകൾ തന്നെയാണ്. സവാളയിൽ കാലറി വളരെ കുറവാണ്. മാത്രമല്ല ഫൈബർ ധാരാളം ഉണ്ടുതാനും. ഇത് ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കും. ദഹനം മെച്ചപ്പെടുത്തുന്നാനും സവാള നല്ലതാണ്. ഉള്ളിയിലടങ്ങിയ പ്രീബയോട്ടിക് ഫൈബറുകൾ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടും. ദഹനം എളുപ്പമാകുന്നതും ഭക്ഷണത്തിന്റെ ആഗിരണം സുഗമമാകുന്നതും ശരീരഭാരം കുറയ്ക്കുന്നതിനെ പരോക്ഷമായി സഹായിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സവാള ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
പ്രമേഹമോ പ്രീ ഡയബറ്റീസോ കുറയ്ക്കാൻ ദിവസവും സവാള കഴിക്കുന്നത് നല്ലതാണ്. പച്ച ഉള്ളിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും കഴിയും. ചെറുകുടൽ, അഡിപ്പോസ് ടിഷ്യു, പാൻക്രിയാസ്, കരൾ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഉള്ളിയിലെ തന്മാത്രകൾക്ക് സാധിക്കും.
സവാളയും ഉള്ളിയും
സവാളയാണെങ്കിലും ചെറിയുള്ളിയാണെങ്കിലും രണ്ടും വൈറ്റമിൻ സിയുടെ കലവറയാണ്. 100 ഗ്രാം ചെറിയുള്ളിയിൽ 8.4 മില്ലി ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. എന്നാൽ, സവാളയിൽ ഇത് 7.4 മില്ലി ഗ്രാം ആണ്. എന്നാൽ, പ്രതിരോധ ശക്തി ഒന്നുകൂടെ ശക്തമാക്കണമെന്ന് തോന്നുകയാണെങ്കിൽ ചെറിയുള്ളിയാണ് സവാളയേക്കാൾ മികച്ചത്. കൂടാതെ, രണ്ടും ആൻ്റി ഓക്സിഡൻ്റുകളാലും സമ്പന്നമാണ്.