ADVERTISEMENT

മീറ്റിങ്, മിനിറ്റ്സ്, റിപ്പോർട്ട്സ്, ഫോളോ അപ്പ്... ഈ വരികൾ വായിക്കുമ്പോൾ മത്സരാധിഷ്ഠിതമായ തൊഴിൽരംഗത്തു ജോലിചെയ്യുന്നവർക്ക് അവരവരുടെ ജീവിതാനുഭവങ്ങളുമായി താരതമ്യപ്പെടുത്താൻ തോന്നും. എത്ര മീറ്റിങ് ഞാൻ കണ്ടതാ... എന്നു തോന്നിയാലും സാരമില്ല. ഈ ആഴ്ച മാത്രം നിങ്ങൾ എത്ര മണിക്കൂർ ഓൺലൈൻ, ഓഫ്‌ലൈൻ മീറ്റിങ്ങുകൾക്കായി മാറ്റിവച്ചു എന്നു ഒരു നിമിഷമെങ്കിലും ചിന്തിച്ചു കാണും.  ഒഫിഷ്യൽ മീറ്റിങ്ങുകൾക്കായി ഒരാഴ്ച ഒരു ജീവനക്കാരൻ ചെലവഴിക്കുന്നത് എത്ര മണിക്കൂറെന്ന് അറിയാമോ? 11.3 മണിക്കൂർ! ഐടി കമ്പനിയായ ഫെല്ലോ സ്റ്റേറ്റ് ഓഫ് മീറ്റിങ്ങ്സ് റിപ്പോർട്ട് 2024 റിപ്പോർട്ടിലെ കണക്കാണിത്. ‘സൈലൻസ് ഇൗസ് ഗോൾഡൻ’ എന്നു കേട്ടിട്ടില്ലേ? കേൾക്കാൻ രസമാണെങ്കിലും ഇക്കാലത്ത് തൊഴിലിടങ്ങളിൽ ഇത് അത്ര പ്രായോഗികമല്ല. ആവശ്യമുള്ളയിടത്ത് സംസാരിക്കാതെ വാ പൂട്ടിയിരിക്കുന്നത് മൂലം ജീവിതത്തില്‍ വിലപ്പെട്ട പല അവസരങ്ങളും നഷ്ടമായെന്നു വരാം. സംസാരിക്കുന്നതു പോലെ തന്നെ പ്രാധാന്യമുള്ളതാണ് മൗനമായിരിക്കുന്നത്. ചില അവസരങ്ങളിൽ) മൗനം പാലിക്കുന്നത് കരിയറിൽ മാത്രമല്ല വ്യക്തിജീവിതത്തിലും ഗുണം ചെയ്യും. 

1. മുഴുവന്‍ കഥയറിയില്ലെങ്കില്‍
ചില ഓഫിസ് യോഗങ്ങളിൽ ചിലർ എന്തിനെക്കുറിച്ചും വാതോരാതെ സംസാരിക്കും. യോഗത്തിന്റെ വിഷയുവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിച്ചു തുടങ്ങുന്നതോടെ യോഗത്തിന്റെ ഗതി തന്നെ മാറിപ്പോകും. പല കാര്യങ്ങൾ പറഞ്ഞു പോകുന്നതിനിടയിൽ എന്തിനാണ് യോഗം ചേർന്നതെന്ന കാര്യം എല്ലാവരും സൗകര്യപൂർവം മറക്കും. അങ്ങനെ യോഗം ചേർന്ന വിലപ്പെട്ട സമയം നഷ്ടമാകും. യോഗങ്ങളിലെ ചർച്ച ചെയ്യേണ്ട പോയിന്റുകളുടെ കാര്യങ്ങളിലും ശ്രദ്ധ വേണം. ഒരു കാര്യത്തെക്കുറിച്ചോ സംഭവത്തെ കുറിച്ചോ ഉള്ള മുഴുവന്‍ കഥയും നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അഭിപ്രായം പറയാതിരിക്കുന്നതാണു നല്ലത്. വിഷയത്തെക്കുറിച്ചു നന്നായി പഠിച്ചിട്ടു ധരിപ്പിക്കാമെന്നു പറയുന്നതാണ് അഭികാമ്യം. ഉന്നതാധികാരികളുടെ മുൻപിൽ തെറ്റായ കാര്യങ്ങൾ പറഞ്ഞ് വെട്ടിലാവുന്നതിനെക്കാൾ നല്ലത് മൗനമായിരിക്കുന്നതല്ലേ?

1488566891
Representative Image. Photo Credit: Andrii Iemelyanenko / iStockPhoto.com

2. ദേഷ്യത്തോടെ ഇരിക്കുമ്പോൾ
എപ്പോഴും ഒരേ മൂഡിൽ ഇരിക്കാൻ ആർക്കും സാധ്യമല്ല. വ്യക്തിപരമായ പ്രശ്നങ്ങളും തൊഴിൽപരമായ സമ്മർദങ്ങളുമെല്ലാം എല്ലാവരുടെയും സ്വഭാവത്തെ സ്വാധീനിച്ചേക്കാം. ശാന്തരായ പല സഹപ്രവർത്തകരും ചില നേരങ്ങളിൽ പൊട്ടിത്തെറിക്കുന്നത് കണ്ടിട്ടില്ലേ? അതുകൊണ്ട് വല്ലാതെ കോപം തോന്നുന്ന നിമിഷങ്ങളിൽ മിണ്ടാതെയിരിക്കുന്നതാണ്  അഭികാമ്യം. അങ്ങനെയുള്ള സമയത്ത് പറയുന്ന വാക്കുകള്‍ ചിലപ്പോൾ നല്ല സൗഹൃദങ്ങളെയും ബന്ധങ്ങളെയുമൊക്കെ തകർത്തേക്കാം.. വികാരങ്ങള്‍ക്കടിമപ്പെട്ടു പറയുന്നതും പ്രവര്‍ത്തിക്കുന്നതുമോര്‍ത്ത് പിന്നീട് നിങ്ങള്‍ക്കു തന്നെ പശ്ചാത്താപം തോന്നാം. ആയുധങ്ങള്‍ കൊണ്ടു മാത്രമല്ല, വാക്കുകള്‍ കൊണ്ടും മനുഷ്യര്‍ക്കു മുറിവേല്‍ക്കാറുണ്ടല്ലോ?

3. വിശ്വാസം അതല്ലേ എല്ലാം
നിങ്ങളുടെ സംസാരംകൊണ്ട് മറ്റൊരാളുടെ നിങ്ങളിലുള്ള വിശ്വാസം തകരുമെന്ന സാഹചര്യം വന്നാല്‍ അവിടെ മിണ്ടാതിരിക്കുന്നതാണു നല്ലത്. അതുപോലെ നിങ്ങളുടെ സുഹൃത്തോ സഹപ്രവര്‍ത്തകനോ അവരുടെ ജീവിതത്തിലെ സങ്കടങ്ങൾ പങ്കുവയ്ക്കുമ്പോൾ മറുപടിയായി പ്രായോഗികമല്ലാത്ത ഉപദേശം നല്‍കാന്‍ ശ്രമിക്കരുത്. നല്ലൊരു കേള്‍വിക്കാരനായിരിക്കാൻ ശ്രദ്ധിക്കണം. ആശ്വാസവാക്കുകള്‍ കേൾക്കാൻ ആഗ്രഹിച്ചിരിക്കുമ്പോൾ തിരിച്ചു വാതോരാതെ സംസാരിക്കുന്നത് അത്ര നല്ലതല്ലല്ലോ? സമാധാനത്തോടെ ശാന്തമായി സംസാരിക്കാനും ശ്രദ്ധിക്കണം. ഇത്തരം സാഹചര്യങ്ങളിൽ അലറി വിളിച്ച് സംസാരിക്കുന്നതും ആക്രോശിക്കുന്നതും നിങ്ങളുടെ വ്യക്തിത്വത്തിനു ഗുണമാകില്ല. അതു പോലെ ചില സന്ദർഭങ്ങളിൽ നിങ്ങളുടെ സംസാരം പൊങ്ങച്ചമായി തരംതാഴുന്നതായി തോന്നിയാല്‍ കേൾവിക്കാർക്ക് മുഷിച്ചിൽ തോന്നാതെ സംസാരം നിര്‍ത്തുന്നതാണു നല്ലത്.

English Summary:

Mindful Communication: When Silence Speaks Louder Than Words

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com