മെസി ക്ലബ് ലോകകപ്പ് കളിക്കും, വേറൊരു ടീമിലേക്കു മാറി ടൂർണമെന്റ് കളിക്കാനില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Mail This Article
മ്യൂണിക് ∙ ക്ലബ് ലോകകപ്പിനു സൂപ്പർ താരപരിവേഷം ചാർത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ല. 14ന് യുഎസിൽ ആരംഭിക്കുന്ന ക്ലബ് ലോകകപ്പിൽ പങ്കെടുക്കാൻ തനിക്കു താൽപര്യമില്ലെന്നു പോർച്ചുഗൽ സൂപ്പർ താരം പറഞ്ഞു. യുഎസ് ക്ലബ് ഇന്റർ മയാമി ജഴ്സിയിൽ ലയണൽ മെസ്സി ലോകകപ്പിൽ കളിക്കുന്നുണ്ട്. മറ്റൊരു ടീമിൽ ക്രിസ്റ്റ്യാനോയെക്കൂടി ഉൾപ്പെടുത്താൻ ശ്രമിച്ച ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയ്ക്കു തിരിച്ചടിയാണ് നാൽപതുകാരൻ ക്രിസ്റ്റ്യാനോയുടെ പ്രതികരണം.
ക്രിസ്റ്റ്യാനോയുടെ നിലവിലുള്ള ക്ലബ് അൽ നസ്‌റുമായുള്ള കരാർ ജൂൺ 30ന് അവസാനിക്കും. അൽ നസ്‌ർ ക്ലബ് ലോകകപ്പിനു യോഗ്യത നേടിയിട്ടുമില്ല. അതിനാൽ, ഇപ്പോഴത്തെ ട്രാൻസ്ഫർ ജാലകത്തിൽ പുതിയൊരു ക്ലബ്ബിലേക്കു മാറി ക്ലബ് ലോകകപ്പിൽ പങ്കെടുക്കാൻ ക്രിസ്റ്റ്യാനോയ്ക്കു മേൽ സമ്മർദമുണ്ടായിരുന്നു. ബ്രസീൽ ക്ലബ് പാൽമിറാസ് ഉൾപ്പെടെയുളളവ രംഗത്തുണ്ടെങ്കിലും ക്ലബ് മാറി ലോകകപ്പിനില്ലെന്ന നിലപാടിലാണു ക്രിസ്റ്റ്യാനോ.
‘ഞാനിപ്പോൾ അതേക്കുറിച്ചു ചിന്തിക്കുന്നില്ല. എല്ലായിടത്തും ഉണ്ടാവണമെന്നു പറഞ്ഞാൽ ബുദ്ധിമുട്ടാണ്’– യുവേഫ നേഷൻസ് ലീഗ് ഫൈനലിനു മുന്നോടിയായുള്ള മാധ്യമസമ്മേളനത്തിൽ ക്രിസ്റ്റ്യാനോ പറഞ്ഞു.