ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ ഗുരുഗ്രാമിൽ പുതിയ അപ്പാർട്മെന്റ്  സ്വന്തമാക്കിയതായി റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് ഭീമനായ ഡിഎൽഎഫിന്റെ ഗുരുഗ്രാമിലെ 'ദ ഡാലിയാസ്' എന്ന 6040 ചതുരശ്രഅടി വിസ്തീർണ്ണമുള്ള അത്യാഡംബര പ്രോജക്ടിലാണ് ശിഖർ ധവാൻ നിക്ഷേപം നടത്തിയിരിക്കുന്നത്.  ഒരു ചതുരശ്ര അടിക്ക് രാജ്യത്തെ ഏറ്റവും വലിയ വിലകളിലൊന്നാണ് ശിഖർ ധവാൻ ഈ അപ്പാർട്ട്മെന്റിനായി മുടക്കിയത്. 

റിയൽ എസ്റ്റേറ്റ് ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ സിആർഇ മാട്രിക്സിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, ഒരു ചതുരശ്ര അടി കാർപെറ്റ് ഏരിയയ്ക്ക് 1,14,068 രൂപയാണ് വിലയായി നൽകിയിരിക്കുന്നത്. 2025ന്റെ ആദ്യ മാസങ്ങളിൽ  വിൽപന ഇടപാടുകൾ പൂർത്തിയാക്കി. 2024 ഓഗസ്റ്റിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനുശേഷം ശിഖർ ധവാൻ നടത്തുന്ന സുപ്രധാനമായ നിക്ഷേപമാണിത്. 

നിർമാണം പുരോഗമിക്കുന്ന അപ്പാർട്ട്മെന്റുകൾ നാലുവർഷത്തിനുള്ളിൽ ഉടമസ്ഥർക്ക് ഏറ്റെടുക്കാനാവുമെന്നാണ് റിപ്പോർട്ട്. പെന്റ്ഹൗസുകൾ അടക്കം 420 യൂണിറ്റുകളാണ് പദ്ധതിയിൽ ഉള്ളത്. 9500 മുതൽ 16000 ചതുരശ്ര അടിവരെ വിസ്തീർണ്ണമുള്ള യൂണിറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 29 നിലകൾ വീതമുള്ള എട്ട് ടവറുകളിലായാണ് ഭവനപദ്ധതി ഒരുങ്ങുന്നത്.

ഓരോ അപ്പാർട്ട്മെന്റിന്റെയും തറ മുതൽ സീലിങ് വരെ നാലു മീറ്റർ ഉയരമുണ്ടാകും. മനോഹരമായ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ വിശാലമായ ഔട്ട്ഡോർ ഡെക്കുകളും ഉൾപ്പെടുത്തും. ഓരോ യൂണിറ്റിന്റെയും ഇന്റീരിയർ ഡിസൈനിങ് ഉടമസ്ഥർക്ക് പ്രത്യേകമായി കസ്റ്റമൈസ് ചെയ്യാനുള്ള അവസരമുണ്ട്. ഭവനപദ്ധതിയുടെ നിർമാണത്തിന്റെ ആദ്യഘട്ടം പിന്നിടുമ്പോൾ തന്നെ ശിഖർ ധവാന്റേതടക്കം 173 യൂണിറ്റുകളുടെ വിൽപന പൂർത്തിയായി കഴിഞ്ഞു. 150 കോടി രൂപയ്ക്കാണ് രണ്ട് പെന്റ് ഹൗസുകളുടെ വിൽപന നടന്നത്. വിദേശ ഇന്ത്യക്കാർ അടക്കമുള്ള അതിസമ്പന്നരാണ് ദ ഡാലിയാസിൽ നിക്ഷേപങ്ങൾ നടത്തിയവരിൽ ഏറിയപങ്കും. 

ഗുരുഗ്രാമിലെ പുതിയ വസതിക്ക് പുറമേ ഇന്ത്യയിലും ഓസ്ട്രേലിയയിലുമായി മറ്റു റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും ശിഖർ ധവാൻ നടത്തിയിട്ടുണ്ട്. 2015 ൽ ഓസ്‌ട്രേലിയയിൽ 730,000 ഡോളറിന് (6.23 കോടി രൂപ) ഒരു വീട് വാങ്ങിയിരുന്നു. 2019 ൽ 935 000 ഡോളറിന് (7.9 കോടി രൂപ) ഈ വീട് കൈമാറ്റം ചെയ്തു. ഡൽഹിയിൽ അഞ്ച് കോടിയിലധികം വിലമതിക്കുന്ന ഒരു ആഡംബര വീടും മുംബൈയിൽ മറ്റൊരു പ്രോപ്പർട്ടിയും ശിഖർ ധവാന്റെ ഉടമസ്ഥതയിലുണ്ട്.

English Summary:

Shikhar Dhawan Buys 69 Crore Apartment Real Estate News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com