ADVERTISEMENT

മഴക്കാലത്ത് പലവിധത്തിലുള്ള പ്രാണികളും ജീവികളും നമ്മുടെ വാസസ്ഥലങ്ങളിലേക്ക് കടന്നുകയറുന്നത് പതിവാണ്. അക്കൂട്ടത്തിൽ മുൻപന്തിക്കാരാണ് തവളകൾ. മഴക്കാലത്ത് അവ വീടിന്റെ മുക്കിലും മൂലയിലുമൊക്കെ കടന്നുകൂടും. പലർക്കും ഇവയെ കാണുന്നത് തന്നെ പേടിയുമാണ്. പിടികൂടി കളയാൻ പ്രയാസമായതുകൊണ്ട് ഇവയെ അകറ്റി നിർത്താനുള്ള മാർഗങ്ങൾ നോക്കുന്നതാണ് ഉചിതം.

* മഴക്കാലമെത്തുമ്പോഴേക്കും വീടിനു സമീപം വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ബക്കറ്റുകളിലോ ചെടിച്ചട്ടികളിലോ വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. ഓവുചാലുകളെല്ലാം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.

* വീടിന്റെ പുറംചുവരിലും മതിൽക്കെട്ടിലുമുള്ള ചെറിയ ദ്വാരങ്ങളും വിടവുകളും അടച്ചുവയ്ക്കാൻ ശ്രദ്ധിക്കുക. 

* വെളിച്ചം കണ്ട് ആകൃഷ്ടരായെത്തുന്ന പ്രാണികളെ പിടികൂടാനാണ് തവളകൾ പലപ്പോഴും വീടുകളിലേക്ക് എത്തുന്നത്. അതിനാൽ വീടിനു പുറത്ത് അനാവശ്യമായി ലൈറ്റുകൾ ഇടുന്നത് ഒഴിവാക്കുക. ബഗ് ലൈറ്റുകൾ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും.

* വാതിലുകൾക്കും ജനാലകൾക്കും സമീപം അൽപം ഉപ്പുപൊടി വിതറിയാൽ തവളകൾ ആ വഴി വരാതിരിക്കും. വീടിന്റെ പുറംചുവരിനോട് ചേർന്നു വരുന്ന ഭാഗങ്ങളിലും ഉപ്പുപൊടി വിതറാം.

* അൽപം വെള്ളവും വിനാഗിരിയും ഒരേ അളവിൽ സംയോജിപ്പിച്ച് ലായനി തയാറാക്കാം. തവളകൾ കൂടുതലായി കടന്നെത്തുന്ന സ്ഥലങ്ങളിൽ ഇത് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. തവളകളുടെ ത്വക്കിന് വിനാഗിരി അനുയോജ്യമല്ലാത്തതിനാൽ അവ ആ പ്രദേശത്തേക്ക് അടുക്കില്ല.

* കാപ്പിപ്പൊടിയാണ് തവളകളെ തുരത്താനുള്ള മറ്റൊരു ഉപാധി. ഉപയോഗിച്ച ശേഷം അരിച്ചെടുത്ത കാപ്പിപ്പൊടി പൂന്തോട്ടങ്ങൾക്ക് സമീപത്തും പ്രവേശന കവാടത്തിന് അരികിലുമൊക്കെ വിതറാം. തവളകളടക്കം പല ചെറു ജീവികൾക്കും കാപ്പിപ്പൊടിയുടെ ഗന്ധം അസഹനീയമായതിനാൽ അവ ആ വഴി വരില്ല. 

* കർപ്പൂരതുളസി, ടീ ട്രീ എന്നീ അവശ്യ എണ്ണകളിൽ ഏതെങ്കിലും ഒന്നിൽ നിന്നും ഏതാനും തുള്ളി വെള്ളവുമായി കലർത്തി സ്പ്രേ ബോട്ടിലിലേക്ക്  മാറ്റാം. ഈ മിശ്രിതം വാതിലുകളിലും പുറത്തേക്കുള്ള ഓവുകളുടെ സമീപവും സ്പ്രേ ചെയ്തു കൊടുത്താൽ തവളകൾ ഗന്ധം സഹിക്കാനാവാതെ മടങ്ങിപ്പോകും. 

* വെളുത്തുള്ളിയും ചുവന്നുള്ളിയും തവളകളെ തുരത്താൻ ഉപയോഗിക്കാം. അല്പം വെള്ളമെടുത്ത് അതിലേക്ക് വെളുത്തുള്ളിയോ ചുവന്നുള്ളിയോ ചതച്ചിട്ട ശേഷം നന്നായി തിളപ്പിച്ചെടുക്കുക. തണുത്തശേഷം ഇത് സ്പ്രേ ബോട്ടിലിലാക്കി വീടിനു ചുറ്റും തളിക്കുന്നതും തവളകളെ അകറ്റിനിർത്താൻ ഫലപ്രദമാണ്.

English Summary:

Get Rid of Frogs from House during Monsoon- Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com