ADVERTISEMENT

മഴക്കാലം പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. ഇവയിൽ കൊതുകുകൾ പരത്തുന്ന രോഗങ്ങളാണ് അധികവും. വീട്ടുപരിസരങ്ങൾ വൃത്തിയോടെ സൂക്ഷിക്കുക എന്നതാണ് കൊതുകു ശല്യം ഇല്ലാതാക്കാനുള്ള ആദ്യപടി. കൂടാതെ വീടിനുള്ളിൽ കയറിക്കൂടുന്ന കൊതുകുകളെ തുരത്താൻ വീട്ടിൽ സുലഭമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷിക്കാവുന്ന മറ്റു ചില മാർഗങ്ങളുമുണ്ട്.

കാപ്പിപ്പൊടി

കൊതുകു മുട്ടയിട്ടു വളരുന്ന തരത്തിൽ വെള്ളം കെട്ടിക്കിടപ്പുണ്ടെങ്കിൽ അൽപം കാപ്പിപ്പൊടി അതിലേക്കിട്ടാൽ കൊതുകിന്റെ ലാർവകൾ വളരാതെ തടയാനാകും. ഉപയോഗിച്ച് അരിച്ചെടുത്ത കാപ്പിപ്പൊടിയും ഇതിന് ഉപയോഗിക്കാം. വീടിനുള്ളിൽ അധികമായി കൊതുകുണ്ടെങ്കിൽ ഉപയോഗിച്ച കാപ്പിപ്പൊടി നന്നായി ഉണക്കിയെടുത്ത ശേഷം അല്പമെടുത്ത് തീ പിടിക്കാത്ത ബൗളിലോ പാത്രത്തിലോ ആക്കി അതിലേക്ക് ഒന്നോ രണ്ടോ തീപ്പെട്ടി കൊള്ളികൾ ഇടാം. ലൈറ്റർ ഉപയോഗിച്ച്  തീപ്പെട്ടി കൊള്ളികളിൽ തീ പിടിപ്പിക്കാം. കാപ്പിപ്പൊടി കത്തുന്ന ഗന്ധവും പുകയും മൂലം കൊതുകുകൾ ആ വഴി വരില്ല.

കുരുമുളക്

കുരുമുളകും അവശ്യ എണ്ണകളും കയ്യിൽ ഉണ്ടെങ്കിൽ ഒരു ഹോം മെയ്ഡ് മോസ്കിറ്റോ റെപ്പല്ലൻ്റ് തയ്യാറാക്കാം. ഒരു സ്പൂൺ കുരുമുളക് ആദ്യം പൊടിച്ചെടുക്കണം. ഈ പൊടി ഒരു കപ്പ് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ചെടുക്കാം. തണുത്ത ശേഷം പെപ്പർമിന്റ് , ലാവണ്ടർ , ടീ ട്രീ തുടങ്ങി ഏതെങ്കിലും അവശ്യ എണ്ണ പത്തോ പതിനഞ്ചോ തുള്ളി ഇതിലേക്ക് ഒഴിച്ചുകൊടുക്കണം. ഈ മിശ്രിതം സ്പ്രേ ബോട്ടിലിലാക്കി നന്നായി കുലുക്കി യോജിപ്പിച്ച ശേഷം കൊതുക് അധികമായി വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ അവയുടെ ശല്യം കുറയും. അവശ്യ എണ്ണകൾ മാത്രം വെള്ളത്തോടൊപ്പം കലർത്തി സ്പ്രേ ചെയ്താലും ഫലം ലഭിക്കും.

കർപ്പൂരം

കൊതുകുകൾ അധികമായി വരുന്ന സമയങ്ങളിൽ മുറികളിൽ കർപ്പൂരം കത്തിച്ചു വയ്ക്കുന്നത് അവയെ അകറ്റിനിർത്താൻ മികച്ച മാർഗ്ഗമാണ്. കർപ്പൂരം കത്തിച്ചതിന്റെ പുകയും ഗന്ധവും കൊതുകുകൾക്ക് ചെറുത്തുനിൽക്കാനാവില്ല. അതേപോലെ ജനാലകൾ, വാതിലുകൾ തുടങ്ങി കൊതുക് ഉള്ളിലേക്ക് കയറാൻ സാധ്യതയുള്ള ഇടങ്ങളിൽ കർപ്പൂരം വയ്ക്കുന്നതും ഒരു പരിധിവരെ കൊതുകുകളെ തുരത്താൻ സഹായകമാണ്.

പുതിന -നാരങ്ങ 

ഒരു പാത്രത്തിൽ ഒന്നോ രണ്ടോ കപ്പ് വെള്ളം എടുത്ത് അതിലേക്ക് അല്പം പുതിനയിലയും മുറിച്ചെടുത്ത നാരങ്ങയുടെ കഷ്ണങ്ങളും ഇട്ട് നന്നായി തിളപ്പിക്കുക. പുതിനയില ഇല്ലെങ്കിൽ ഗ്രാമ്പൂവും കറുവാപ്പട്ടയും നാരങ്ങയോടൊപ്പം ഇട്ട് വെള്ളം തിളപ്പിച്ചെടുക്കാം. ചൂട് ആറിയശേഷം ഈ വെള്ളം സ്പ്രേയിങ് ബോട്ടിലിലേക്ക് മാറ്റാം. കൊതുക് അധികമായി ഒളിച്ചിരിക്കാൻ ഇടയുള്ള ഇടങ്ങളിൽ ഈ വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ അവയുടെ ശല്യം കുറഞ്ഞു കിട്ടും.

വെളുത്തുള്ളി

മറ്റു പ്രാണികളെ പോലെ തന്നെ കൊതുകിനും വെളുത്തുള്ളിയുടെ ഗന്ധം അരോചകമാണ്. അല്പം വെളുത്തുള്ളി എടുത്ത് ചതച്ച ശേഷം അത് വെള്ളത്തിൽ ഇട്ട് സത്തിറങ്ങാൻ പാകത്തിൽ നന്നായി ചൂടാക്കി എടുക്കുക. വെള്ളം തണുത്ത ശേഷം മുറികൾക്കുള്ളിൽ ഈ വെള്ളം തളിക്കുകയോ ബോട്ടിലിലാക്കി സ്പ്രേ ചെയ്യുകയോ ചെയ്യാം.

English Summary:

Get Rid Of Mosquitoes at House during Rainy Season- Home Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT