മലബന്ധം, ചർമ പ്രശ്നങ്ങള്‍, വായുകോപം; ലക്ഷണങ്ങൾ തിരിച്ചറിയണം, ഉദരത്തിന്റെ ആരോഗ്യം അപകടത്തിൽ?

Mail This Article
ദശലക്ഷക്കണക്കിന് ബാക്ടീരിയകളും ഫംഗസുകളും വൈറസുകളും ആണ് അന്നനാളത്തിലുള്ളത്. ഇവയുടെ എണ്ണത്തിലും പ്രവർത്തനങ്ങളിലും ഉള്ള സന്തുലനമാണ് ഉദരത്തിന്റെ ആരോഗ്യത്തിലേക്ക് നയിക്കുന്നത്. പ്രയോജനകരമായ അതിസൂക്ഷ്മാണുക്കളെക്കാൾ ഉപദ്രവകാരികളായ സൂക്ഷ്മാണുക്കളുടെ എണ്ണം അധികരിക്കുമ്പോഴോ ഉദരപാളികൾക്ക് ക്ഷതം സംഭവിക്കുമ്പോഴോ പലതരം ദഹനപ്രശ്നങ്ങൾ ഉണ്ടാകാം. ഉദരം, ദഹനത്തിനും മാനസികാരോഗ്യം, പോഷകങ്ങളുടെ ആഗിരണം, രോഗപ്രതിരോധസംവിധാനം എന്നിവയിലും പ്രധാന പങ്കു വഹിക്കുന്നതിനാൽ ചെറിയ തടസ്സങ്ങൾ പോലും ശരീരത്തെയാകെ ബാധിക്കും. ലക്ഷണങ്ങൾ തുടർച്ചയായി പ്രകടമാകുമ്പോഴോ നിത്യജീവിതത്തെ അത് ബാധിക്കുമ്പോഴോ മാത്രമാണ് പലപ്പോഴും ഉദരത്തിന്റെ അനാരോഗ്യം ശ്രദ്ധിക്കുന്നത്. ചില ലക്ഷണങ്ങൾ ഉദരത്തിന്റെ അനാരോഗ്യത്തിന്റെയാവാം. അവയെ അവഗണിക്കരുത്. ഏതൊക്കെയാണ് ഉദരം പ്രകടമാക്കുന്ന ലക്ഷണങ്ങൾ എന്നറിയാം.
∙ തുടർച്ചയായ വയറുകമ്പിക്കലും വായുകോപവും
തുടർച്ചയായുണ്ടാകുന്ന വയറു കമ്പിക്കൽ അഥവാ ബ്ലോട്ടിങ്ങ്, വായുകോപം (gas), പ്രത്യേകിച്ച് ഭക്ഷണം കഴിച്ചാലുടനെ ഉണ്ടാകുന്നത് ഉദരത്തിലെ ബാക്ടീരിയകളുടെ അസന്തുലനമോ ചില ഭക്ഷണങ്ങൾ ദഹിക്കാനുള്ള പ്രയാസമോ മൂലമാകാം. ചെറുകുടലിൽ ഉണ്ടാകുന്ന ബാക്ടീരിയകളുടെ അമിതവളർച്ചയോ (SIBO) ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളുടെ കുറവോ ഉള്ളതിന്റെ സൂചനയാകാം ഇത്. ഇത് ശരിയായി ദഹനം നടക്കാതിരിക്കാനും ഉദരത്തിൽ അസ്വസ്ഥതയ്ക്കും കാരണമാകും.
∙ മലബന്ധം അല്ലെങ്കിൽ വയറിളക്കം
നീണ്ടു നിൽക്കുന്ന മലബന്ധം അല്ലെങ്കിൽ വയറിളക്കം ഉദരത്തിന്റെ അനാരോഗ്യത്തിന്റെ സൂചനയാണ്. ഉദരത്തിലെ അതിസൂക്ഷ്മാണുക്കളുടെ അസന്തുലനം കുടലിലൂടെ മലിനവസ്തുക്കൾ നീങ്ങുന്നതിനെ ബാധിക്കും. നല്ല ബാക്ടീരിയകളുടെ എണ്ണം വളരെ കുറയുന്നത് ദഹനം വളരെ സാവധാനത്തിലാക്കുകയും മലബന്ധം ഉണ്ടാക്കുകയും ചെയ്യും. ഉദരത്തിലുണ്ടാകുന്ന വീക്കമോ അണുബാധയോ മൂലം തുടർച്ചയായി മലം അയഞ്ഞുപോകാൻ കാരണമാകും.

∙ തുടർച്ചയായുണ്ടാകുന്ന നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ്
ഉദരത്തിലെ ആസിഡുകളുടെ അസുന്തലനം കൊണ്ടോ പിഎച്ച് പൈലോറി പോലുള്ള ഉപദ്രവകാരികളായ ബാക്ടീരിയകളുടെ വളർച്ച കൊണ്ടോ ആസിഡ് റിഫ്ലക്സും തുടര്‍ച്ചയായ നെഞ്ചെരിച്ചിലും ഉണ്ടാകാം.
∙ ഭക്ഷണങ്ങളോടുള്ള സംവേദനക്ഷമത
ചില ഭക്ഷണങ്ങൾ ഉദരത്തിന് ദഹിപ്പിക്കാൻ സാധിക്കാതെ വരും. പാലുൽപ്പന്നങ്ങൾ, ഗ്ലൂട്ടൻ, ചില പച്ചക്കറികൾ ഇവ ദഹിക്കാതെ വരും. ഇതുമൂലം ഉദരത്തിൽ വീക്കം അഥവാ ഇൻഫ്ലമേഷൻ ഉണ്ടാകുകയും കുടലിന്റെ പാളിക്ക് ക്ഷതം സംഭവിക്കുകയും ചെയ്യാം.

∙ കടുത്ത ക്ഷീണവും തളർച്ചയും
ഉദരത്തിന് ആരോഗ്യമില്ലെങ്കിൽ പോഷകങ്ങളുടെ ആഗിരണം ശരിയായി നടക്കാതാകും. അയൺ, വൈറ്റമിൻ ബി12, മഗ്നീഷ്യം ഇവയുടെ അഭാവം ക്ഷീണത്തിലേക്കു നയിക്കും. ഉദരത്തിലെ നീണ്ടു നിൽക്കുന്ന ഇൻഫ്ലമേഷൻ മൂലവും ക്ഷീണമുണ്ടാകാം.
∙ ചർമപ്രശ്നങ്ങൾ
ചർമവും ഉദരവും തമ്മിൽ ബന്ധമുണ്ട്. അസന്തുലിതമായ ഉദരത്തിൽ നിന്ന് വിഷാംശങ്ങൾ രക്തത്തിലേക്ക് കലരുകയും ഇൻഫ്ലമേഷനു കാരണമാകുകയും മുഖക്കുരു, എക്സിമ ഇവയ്ക്ക് കാരണമാകുകയും ചെയ്യും. നീണ്ടു നിൽക്കുന്ന നിരവധി ചർമ പ്രശ്നങ്ങൾക്ക് കാരണമാകുന്നത് പലപ്പോഴും ഉദരത്തിന്റെ അനാരോഗ്യമാണ്.

∙ ഉത്കണ്ഠ, വിഷാദം
ശരീരത്തിൽ സെറോടോണിൻ ഹോർമോണിന്റെ 90 ശതമാനവും ഉൽപാദിപ്പിക്കുന്നത് ഉദരമാണ്. ആരോഗ്യമില്ലാത്ത ഉദരമാണെങ്കിൽ ഈ ഹോർമോണിന്റെ ഉൽപാദനം തടസ്സപ്പെടുകയും മൂഡ് ഡിസോർഡറുകൾക്ക് കാരണമാകുകയും ചെയ്യും. ഉദരത്തിലെ ഇൻഫ്ലമേഷൻ സൈറ്റോകൈൻസിന്റെ ഉൽപാദനത്തെയും ബാധിക്കും. തലച്ചോറിന്റെ പ്രവർത്തനത്തെയും മനോനിലയെയും ബാധിക്കുന്ന ഹോർമോൺ ആണ് സൈറ്റോകൈനുകൾ.
∙ തുടർച്ചയായ അണുബാധ
രോഗപ്രതിരോധ സംവിധാനത്തിന്റെ 70 ശതമാനവും ഉദരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തുടര്‍ച്ചയായി രോഗം വരുക, ജലദോഷം വളരെ പെട്ടെന്നു വരുക, വളരെ സാവധാനം മാത്രം രോഗങ്ങൾ സുഖപ്പെടുക ഇതിനെല്ലാം അർഥം നിങ്ങളുടെ ഉദരം രോഗപ്രതിരോധസംവിധാനം ഫലപ്രദമായി നടത്തുന്നില്ല എന്നാണർഥം. ഉദരത്തിന്റെ അനാരോഗ്യം, ഉപദ്രവകാരികളായ രോഗാണുക്കൾക്കെതിരെയുള്ള പ്രതിരോധം ദുർബലപ്പെടുത്തുന്നു.

∙ ശ്വാസദുർഗന്ധം
തുടർച്ചയായ വായ്നാറ്റം, പ്രത്യേകിച്ച് വായയുടെ വൃത്തിയുമായി ബന്ധപ്പെട്ടതല്ലെങ്കിൽ അത് ദഹനപ്രശ്നങ്ങൾ മൂലമാവാം. ഉദരത്തിലെ ബാക്ടീരിയകളുടെ അസന്തുലനം, ദുർഗന്ധമുണ്ടാക്കുന്ന ഗ്യാസുകളും വിഷപദാർഥങ്ങളും ഉണ്ടാക്കുകയും ഇവ അന്നനാളത്തിൽ നിന്ന് വായിലേക്കെത്തുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയുന്നത് ഗുരുതരാവസ്ഥകൾ തടയാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.