മുതിർന്നവരിലെ മാനസിക പ്രശ്‌നങ്ങൾ തിരിച്ചറിയണം, ചികിത്സ തേടണം; തളരുന്ന മനസ്സിന് തുണയേകാം!

Mail This Article
അനുഭവങ്ങളുടെ കരുത്തുണ്ടെങ്കിലും വാർധക്യം പലപ്പോഴും വരുതിയിൽ നിൽക്കാത്തവരുണ്ട്. ശാരീരികമായ പ്രശ്‌നങ്ങൾ പോലെതന്നെ മാനസികമായ പ്രശ്‌നങ്ങളും ചിലരെ അലട്ടുകയും തളർത്തുകയും ചെയ്യുന്നു. ശാരീരികമായ പ്രശ്‌നങ്ങൾ എല്ലാവർക്കും കാണാൻ കഴിയുന്നതിനാൽ എളുപ്പം ചികിത്സ ലഭ്യമാക്കാനാവും. എന്നാൽ മാനസിക പ്രശ്‌നങ്ങൾ അങ്ങനെയല്ല. രോഗം തിരിച്ചറിയാതെയും ചികിത്സ കിട്ടാതെയും പലപ്പോഴും കൂടുതൽ പ്രതിസന്ധികളിലേക്കു പോകാം.
കാരണങ്ങൾ
ഒറ്റപ്പെടൽ, വിഷാദരോഗം, മറവിയും ഡിമെൻഷ്യയും, ഭീതിയും ഉത്കണ്ഠയും തുടങ്ങിയവയാണ് വയോജനങ്ങളിൽ പ്രധാനമായും കാണുന്ന പ്രശ്‌നങ്ങൾ. പങ്കാളിയുടെയോ മക്കളുടെയോ പേരക്കുട്ടികളുടെയോ വിയോഗം പോലെ ആഘാതമുണ്ടാക്കുന്ന സന്ദർഭങ്ങൾ പ്രായമായവരുടെ മാനസികാരോഗ്യത്തെ ബാധിക്കാം. ഓർമശക്തി കുറയുന്നതും സ്വഭാവത്തിലെ മാറ്റവും ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയും മനസ്സിനെ തളർത്താം. പ്രമേഹം, രക്തസമ്മർദം, പാർക്കിൻസൺസ്, തൈറോയ്ഡ് തുടങ്ങിയ ബുദ്ധിമുട്ടുകൾ കൂടിയാവുമ്പോൾ മാനസിക തളർച്ചയ്ക്ക് സാധ്യതയേറെയാണ്. വാർധക്യകാലത്ത് ഇവയെല്ലാം തീവ്രമാവുകയും ചെയ്യാം.
പരിഹാരങ്ങൾ
കർമോത്സുകരാവുക എന്നത് പ്രധാനമാണ്. കഴിയാവുന്ന വ്യായാമങ്ങൾ ചെയ്യണം. സാമൂഹികമായ ഇടപെടലുകൾ നടത്തുന്നത് പുതിയ ഉണർവും ഉത്തേജനവും നൽകും. അർഥവത്തായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് നല്ലതാണ്. പോഷകങ്ങൾ നിറഞ്ഞ ആഹാരവും നല്ല ഉറക്കവും കിട്ടണം. ഓർമശക്തി നിലനിർത്താൻ മാനസികവും ശാരീരികവുമായി കൂടുതൽ സജീവമാകണം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കാൻ ഇതിലൂടെ കഴിയും. നീന്തൽ, നടത്തം തുടങ്ങിയവ പതിവാക്കുന്നത് നല്ലതാണ്.
വേണം പരിഗണന
വയോജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളത് ഉറ്റവരുടെ പരിഗണനയാണ്. വൈകാരികമായ പിന്തുണ അവരുടെ മാനസിക,ശാരീരിക ആരോഗ്യത്തെ ഗുണകരമായി സ്വാധീനിക്കും. വേണ്ടപ്പെട്ടവർ കൂടെയുണ്ട് എന്ന തോന്നൽ ആത്മവിശ്വാസം വർധിപ്പിക്കുകയും മനസ്സിന് സന്തോഷവും സമാധാനവും നൽകുകയും ചെയ്യും. ആഗോളതലത്തിലുള്ള ഒരു പഠനമനുസരിച്ച് വാർധക്യത്തിൽ നാലിൽ ഒരാൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. കുടുംബം കൂടെയുണ്ട് എന്ന ഉറപ്പ് മരുന്നുപോലെതന്നെ പ്രധാനമാണ്. വാർധക്യത്തിലെ പ്രശ്‌നങ്ങളിൽ പലതും മരുന്നുകൊണ്ട് നിയന്ത്രിക്കാനാവുമെങ്കിലും സ്‌നേഹവും കരുതലും കൂടുതൽ ഫലം ചെയ്യും.
(ലേഖകൻ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, മനഃശാന്തി ഹോസ്പിറ്റൽ, രാമനാട്ടുകര, കോഴിക്കോട് (ജനറൽ സെക്രട്ടറി, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം))