നിങ്ങളുടെ ഭക്ഷണക്രമത്തിൽനിന്ന് ഒഴിവാക്കേണ്ട ഒരു ആഹാരമുണ്ട്! കരൾ നന്ദി പറയും!

Mail This Article
ശരീരത്തിലെ, ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. ദഹനം, വിഷാംശങ്ങളെ നീക്കൽ, ഉപാപചയപ്രവർത്തനം തുടങ്ങി നൂറുകണക്കിന് പ്രവർത്തനങ്ങളാണ് കരൾ ചെയ്യുന്നത്. ചിലപ്പോൾ കരൾ ദുർബലമാവുകയും നിരവധി രോഗങ്ങൾ അതിനെ ബാധിക്കുകയും ചെയ്യാം. ഇത്തരത്തിലൊന്നാണ് ലിവർ സിറോസിസ്. ഇത് ചികിത്സിച്ചു മാറ്റാൻ പറ്റാത്തതും മരണത്തിനു പോലും കാരണമായേക്കാവുന്നതുമായ രോഗമാണ്. കരൾ നാശത്തിന് മദ്യപാനം ഒരു പ്രധാനകാരണമാണെങ്കിലും ഒരു ഭക്ഷണവും കരളിന് ക്ഷതമുണ്ടാക്കും. സംസ്ക്കരിച്ച ഭക്ഷണ (processed food)ങ്ങളാണ് കരൾ രോഗങ്ങൾക്ക് കാരണമാകുന്നത്.
എന്താണ് സംസ്ക്കരിച്ച ഭക്ഷണം?
ഒരു ഭക്ഷണം അതിന്റെ സ്വാഭാവികമായ രുചിയിൽ വ്യത്യാസം വരുത്തി, അതിലടങ്ങിയ പ്രധാനപ്പെട്ട പോഷകങ്ങളും ധാതുക്കളും നഷ്ടപ്പെടുന്ന നിരവധി പ്രക്രിയകളിലൂടെ കടന്നു പോയി ബോക്സുകളിലാക്കി ലഭിക്കുന്നവയാണ് സംസ്ക്കരിച്ച ഭക്ഷണം അഥവാ പ്രോസസ്ഡ് ഫുഡ്. പാകം ചെയ്തതോ, ഫ്രീസ് ചെയ്തതോ, ഉണക്കിയതോ, കാനിംഗ് ചെയ്തതോ ആവും ഈ ഭക്ഷണം. വളരെ ചെറിയ അളവിൽ മുതൽ അൾട്രാ പ്രോസസിംഗിലൂടെ വരെ ഈ ഭക്ഷണങ്ങൾ കടന്നു പോകുന്നു. കരളിന് വളരെയധികം ദോഷം ചെയ്യുന്നവയാണ് ഇത്തരത്തിൽ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ. എന്തുകൊണ്ട് സംസ്ക്കരിച്ച ഭക്ഷണം കരളിന് ദോഷം ചെയ്യുന്നു എന്നറിയാം.
∙ ഉയർന്ന അളവിൽ പഞ്ചസാര
മിക്ക പ്രോസസ്ഡ് ഫുഡിലും ധാരാളം പഞ്ചസാര, പ്രത്യേകിച്ചും ഫ്രക്ടോസ് ഉണ്ടാവും. സോഡ, കാൻഡികൾ, മധുരമുള്ള ലഘുഭക്ഷണങ്ങൾ ഇവയിലും ഫ്രക്ടോസ് ഉണ്ട്. കൂടുതൽ പഞ്ചസാര ഉപയോഗിക്കുമ്പോൾ കരൾ ഈ അധികമുള്ള പഞ്ചസാരയെ കൊഴുപ്പ് ആക്കി മാറ്റുന്നു. കരളിലെ കോശങ്ങളിൽ ഈ കൊഴുപ്പ് അടിഞ്ഞുകൂടി നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് ഉണ്ടാകുന്നു. ഇത് ചികിത്സിച്ചില്ലെങ്കിൽ ഇൻഫ്ലമേഷനിലേക്കും കരളിന്റെ പ്രവർത്തനത്തകരാറിലേക്കും നയിക്കും. ധാരാളം മധുരം ചേർന്ന പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നവർക്ക് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് വരാനുള്ള സാധ്യത കൂടുതലാണ്.

∙ അമിത കൊഴുപ്പ്
സംസ്ക്കരിച്ച ഭക്ഷണങ്ങളിൽ സാധാരണയായി അനാരോഗ്യകരമായ കൊഴുപ്പുകളായ ട്രാൻസ്ഫാറ്റുകളും സാച്ചുറേറ്റഡ് ഫാറ്റ് അഥവാ പൂരിത കൊഴുപ്പുകളും ഉണ്ട്. വറുത്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ഇറച്ചി, പായ്ക്കറ്റിൽ ലഭ്യമായ ലഘുഭക്ഷണങ്ങൾ എന്നിവയിൽ ഈ കൊഴുപ്പുകൾ സാധാരണമാണ്. അനാരോഗ്യകരമായ കൊഴുപ്പ് കൂടിയ അളവിൽ കഴിക്കുന്നത് കരളിന് വീക്കം ഉണ്ടാക്കുകയും കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യും. ഇത് കരളിലെ കോശങ്ങൾക്ക് ക്ഷതം ഉണ്ടാക്കുക മാത്രമല്ല ഹൃദ്രോഗത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് ഇവയാണ് പ്രത്യേകിച്ചും കരൾവീക്കത്തിനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും കാരണമാകുന്നത്.
∙ ഉപ്പ് കൂടുതൽ
സംസ്ക്കരിച്ച ഭക്ഷണങ്ങളിൽ ഉപ്പ് (സോഡിയം) വളരെ കൂടുതലായിരിക്കും. ഇത് കരളിന് ദോഷം ചെയ്യും. ഉപ്പ് കൂടുന്നത് രക്തസമ്മർദം വർധിപ്പിക്കുകയും കരളിന് ആയാസം ഉണ്ടാക്കുകയും ചെയ്യും. ക്രമേണ ഇത് സീറോസിസ് ഉൾപ്പെടെയുള്ള കരൾരോഗവുമായി മാറും. ഉപ്പ് ഇൻഫ്ലമേഷനും കാരണമാകും. ഇതുമൂലം കരളിന് ശരിയായി പ്രവർത്തിക്കാൻ സാധിക്കാതെ വരും.

∙ പ്രിസർവേറ്റീവുകൾ
അൾട്രോപ്രോസസ് ചെയ്ത ഭക്ഷ്യ വസ്തുക്കളിൽ പ്രിസർവേറ്റീവുകൾ, രുചി കൂട്ടുന്ന വസ്തുക്കൾ, കൃത്രിമ നിറങ്ങൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ബാഹ്യവസ്തുക്കളായ ഈ രാസവസ്തുക്കളെ വിഘടിപ്പിക്കാനും ഇവയെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാനും കരളിന് ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. ഇത്തരം അഡിറ്റീവുകളുമായുള്ള നിരന്തര സമ്പർക്കം ഓക്സീകരണ സമ്മർദത്തിനും കരളിലെ കോശങ്ങളുടെ വീക്കത്തിനും കാരണമാകുകയും കരളിന്റെ പ്രവർത്തനം തകരാറിലാകുകയും ചെയ്യും. ഭക്ഷണം എത്രമാത്രം കൃത്രിമവും പ്രോസസ്ഡും ആകുന്നുവോ അത്രയും കരളിന് അത് ഭാരമാകും.