എമിറാത്തി പ്രസാധകർക്ക് കരുത്ത് പകരാൻ ‘ഒൻഷുർ’; റീഡ്മാജിനിൽ പ്രശംസ

Mail This Article
ഷാർജ / മാഡ്രിഡ്∙ പ്രസിദ്ധീകരണ മേഖലയിലെ ആധുനികവത്കരണത്തിനും സഹകരണത്തിനും വേണ്ടി യൂറോപ്പിൽ സംഘടിപ്പിക്കുന്ന പ്രമുഖ വേദികളിലൊന്നായ റീഡ്മാജിൻ 2025ൽ ഷാർജ ആദ്യമായി പങ്കെടുത്തു. ഇതോടെ ഈ പരിപാടിയിൽ പങ്കെടുക്കുന്ന ആദ്യത്തെ അറബ് നഗരമായി ഷാർജ മാറി. മാഡ്രിഡിൽ ജർമൻ സാഞ്ചെസ് റുയ്പെറസ് ഫൗണ്ടേഷൻ ഒരുക്കിയ ഈ പരിപാടിയിൽ ഷാർജ ബുക്ക് അതോറിറ്റി(എസ്ബിഎ)യുടെ നേതൃത്വത്തിലുള്ള ഷാർജ പബ്ലിഷിങ് സസ്റ്റൈനിബിലിറ്റി ഫണ്ട് (ഒൻഷുർ) ശ്രദ്ധ നേടി.
എമിറാത്തി പ്രസാധകരെ ശക്തിപ്പെടുത്തുന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എസ്ബിഎയുടെ തന്ത്രപരമായ മേന്മകൾക്കും ആഗോള വിപണികൾക്കും മേൽനോട്ടം വഹിക്കുന്ന ഇമാൻ ബിൻ ഷൈബയും കൈറോസ് പബ്ലിഷിങ് ഹൗസ് സ്ഥാപകയും ഉൻഷുർ ഫണ്ടിന്റെ ആദ്യഘട്ട വിജയികളിലൊരാളുമായ ഷദാ നാസറും സംസാരിച്ചു. പ്രസാധനമേഖലയുടെ ദീർഘകാല സുസ്ഥിരതയ്ക്ക് ഉൻഷുർ ഫണ്ട് നൽകുന്ന പരിശീലനം, ധനസഹായം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ച് ഷദാ വിശദീകരിച്ചു. എസ്ബിഎ ചെയർപഴ്സൻ ഷെയ്ഖ ബൊദൂർ അൽ ഖാസിമിയുടെ ദീർഘവീക്ഷണമാണ് ഈ ഫണ്ടിന്റെ രൂപീകരണത്തിന് പിന്നിൽ.
പ്രഫഷനൽ പരിശീലനം, പ്രിന്റിങ് സഹായം, അനുമതികൾ, തർജ്ജമ പിന്തുണ തുടങ്ങി വിവിധ സേവനങ്ങൾ ഫണ്ടിലൂടെ ലഭ്യമാണെന്ന് ഷെയ്ഖ ബൊദൂർ അൽ ഖാസിമി വ്യക്തമാക്കി.