ADVERTISEMENT

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയും പരീക്ഷാഫലങ്ങൾ വന്ന് പ്രവേശന നടപടികൾ പുരോഗമിക്കുകയും ചെയ്യുന്ന സമയമാണിത്. സ്കൂൾ വിദ്യാർഥികൾക്കായി മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെയും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെയും പേരിൽ പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചുവെന്ന അവകാശവാദത്തോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 75 ശതമാനം മാർക്ക് നേടിയ പത്താം ക്ലാസ് വിദ്യാർഥികൾക്ക് 10,000 രൂപയും 85 ശതമാനത്തിനു മുകളിൽ മാർക്ക് നേടുന്ന പ്ലസ്ടു വിദ്യാർഥികൾക്ക് 25,000 രൂപയും സ്കോളർഷിപ്പ് ലഭിക്കുമെന്നാണ് പ്രചാരണം. ഇതിനുള്ള അപേക്ഷാ ഫോം നഗരസഭാ ഓഫിസിൽ ലഭിക്കുമെന്ന് സന്ദേശത്തിൽ പറയുന്നു. 

മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ ഹെൽപ്‌ലൈനിലും (8129100164) വസ്തുതാ പരിശോധനയ്ക്കായി ഈ ചിത്രം ലഭിച്ചിരുന്നു. വാസ്തവമറിയാം.

Cover Image - 1

∙ അന്വേഷണം

നിരവധിപേർ ഈ വിവരം പങ്കുവയ്ക്കുന്നുണ്ട്. പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം ഇപ്രകാരമാണ്, ‘ശ്രദ്ധിക്കുക..!!! ഡോ.അബ്ദുൾ കലാമിന്റെയും, വാജ്പേയിയുടെയും പേരിൽ, പ്രധാനമന്ത്രി സ്കോളർഷിപ് പ്രഖ്യാപിച്ചു. *75% മാർക്ക് വാങ്ങുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക്, 10000/-, 85%ന് മുകളിൽമാർക്ക് വാങ്ങുന്ന 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക്, 25000/- മുനിസിപ്പൽ ഓഫീസിൽ നിന്ന് അപേക്ഷാ ഫോം ചോദിച്ചു വാങ്ങുക. ഈ പോസ്റ്റ് ഒഴിവാക്കാതെ മറ്റുള്ളവരെ അറിയിക്കുക. കാരണം നമുക്ക് ഈ സന്ദേശം ആവശ്യമില്ലെങ്കിലും, ഇത് മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടെ. ഹൈക്കോടതി ഉത്തരവ് നമ്പർ: WP (MD) NO.20559/2015’

സ്കോളര്‍ഷിപ്പിന്റെ സന്ദേശത്തിൽ ഹൈക്കോടതി ഉത്തരവ് പരാമര്‍ശിക്കുന്നത് സംശയമുളവാക്കുന്നതാണ്. ആയതിനാൽ സന്ദേശത്തിലുള്ള ഹൈക്കോടതി ഉത്തരവ് നമ്പർ: WP (MD) NO.20559/2015–നെക്കുറിച്ചാണ് ആദ്യം പരിശോധിച്ചത്. മദ്രാസ് ഹൈക്കോടതിയിൽ 2015ൽ സമർപ്പിച്ച ഒരു റിട്ട് പെറ്റീഷനുമായി ബന്ധപെട്ടതാണ് ഈ നമ്പർ. തമിഴ്‌നാട്ടിലെ തിരുച്ചി ശെൻബഗ വിനയാകർ എന്ന ക്ഷേത്രത്തിലെ 'ഗ്രാമിയ അടൽ പാടൽ വിഴ' എന്ന പരിപാടി തടഞ്ഞ് അവിടുത്തെ പൊലീസ് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ചതായിരുന്നു ഈ റിട്ട് പെറ്റീഷൻ. ഇതിൽ നിന്നും, പ്രചരിക്കുന്ന സന്ദേശവുമായി യാതൊരു ബന്ധവുമില്ലാത്ത ഉത്തരവിനെക്കുറിച്ചാണ് സന്ദേശത്തിൽ പരാമർശിക്കുന്നതെന്ന് കണ്ടെത്തി.

തുടർന്ന്, സന്ദേശത്തിൽ പറയുന്നുപോലുള്ള സ്കോളർഷിപ്പ് പ്രഖ്യാപനമുണ്ടായിട്ടുണ്ടോ എന്ന് വിശദമായി പരിശോധിച്ചു. ഏതാനും വര്‍ഷങ്ങളായി പ്രചരിക്കുന്ന വ്യാജ സന്ദേശമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്കൂൾ വിദ്യാർഥികൾക്കായി ഇത്തരത്തിലൊരു സ്കോളർഷിപ്പ് പ്രഖ്യാപനം നടത്തിയിട്ടില്ല. കേന്ദ്ര സർക്കാർ ഇങ്ങനെയൊരു സ്കോളർഷിപ്പ് നൽകുന്നില്ലെന്ന് സർക്കാർവൃത്തങ്ങൾതന്നെ മുൻപും വ്യക്തമാക്കിയിട്ടുള്ളതായി തെളിവുകളും ലഭിച്ചു.

ശേഷം, ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെയോ അടൽ ബിഹാരി വാജ്പേയിയുടെയോ പേരിൽ മറ്റേതെങ്കിലും തലത്തിലുള്ള വിദ്യാർഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകൾ രാജ്യത്തുണ്ടോ എന്നും പരിശോധിച്ചു. 'അടൽ ബിഹാരി വാജ്‌പേയി ജനറൽ സ്‌കോളർഷിപ്പ് സ്‌കീം' എന്നൊരു സ്‌കോളർഷിപ്പ് കേന്ദ്ര സർക്കാർ നൽകിവരുന്നതായി കണ്ടെത്തി. ഇത് കേന്ദ്ര വിദേശകാര്യ വകുപ്പിന് കീഴിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് നൽകുന്ന സ്‌കോളർഷിപ്പാണ്. നിശ്ചിത 123 വിദേശ രാജ്യങ്ങളിൽനിന്ന് ഇന്ത്യൻ സർവകലാശാലകളിൽ ബിരുദ- പിഎച്ച്.ഡി. പഠനങ്ങൾക്കായി എത്തുന്ന വിദ്യാർഥികൾക്കാണിത് ലഭിക്കുക.

ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ പേരിൽ സർക്കാർ തലത്തിൽ ചില സംസ്ഥാനങ്ങൾ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇദ്ദേഹത്തിന്റെ പേരിൽ നൽകുന്ന ഒരു സ്‌കോളർഷിപ്പുണ്ട്. ഇത് സംസ്ഥാനത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കു സർക്കാർ/എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്ന് വർഷ ഡിപ്ലോമ കോഴ്‌സ് പഠിക്കാൻ നൽകുന്നതാണ്. അന്വേഷണത്തിൽ, ഐസിസിആറിന്റെ (ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്) ഡോ.എപിജെ അബ്ദുൽ കലാം കോമൺവെൽത്ത് സ്കോളർഷിപ്പ് സ്കീം എന്നൊന്നുള്ളതായും വിവരം ലഭിച്ചു. എന്നാലിത്, ഇന്ത്യയിൽ ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി കോഴ്സുകൾ പഠിക്കുന്നതിന് കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ളവർക്ക് മാത്രം നൽകി വരുന്നതാണ്.

സ്കോളർഷിപ്പുകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവിധ മെസേജുകൾ സമൂഹമാധ്യമങ്ങളിലുണ്ട്. ഔദ്യോഗിക സൈറ്റുകൾ/രേഖകൾ പരിശോധിച്ചു മാത്രം ഇവയ്ക്ക് അപേക്ഷിക്കുക. കേന്ദ്രസർക്കാർ നല്‍കി വരുന്ന വിവിധ സ്കോളർഷിപ്പ് പദ്ധതികളെക്കുറിച്ച് അറിയാൻ നാഷനൽ സ്കോളർഷിപ്പ് പോർട്ടൽ പരിശോധിക്കാവുന്നതാണ്– www.scholarships.gov.in

∙ വാസ്തവം

സ്കൂള്‍ വിദ്യാർഥികൾക്കായി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെയും അടൽ ബിഹാരി വാജ്പേയിയുടെയും പേരിൽ പ്രധാനമന്ത്രി സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഏതാനും വർഷങ്ങളായി പ്രചരിക്കുന്ന വ്യാജ സന്ദേശമാണിത്.

English Summary:

A message falsely claims that the Prime Minister announced scholarships for school students in the name of Dr. A.P.J. Abdul Kalam and Atal Bihari Vajpayee.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com