പാലൂർക്കോട്ട വെള്ളച്ചാട്ട ദുരന്തം: ജാഗ്രതാ സമിതി രൂപീകരിച്ചു
Mail This Article
പുഴക്കാട്ടിരി ∙ പാലൂർക്കോട്ട വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയ വ്യക്തി വീണുമരിക്കാനും ഒട്ടേറെപ്പേർക്ക് അപകടം സംഭവിക്കാനും ഇടയായ സാഹചര്യത്തിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാനായി പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എൻ.മൂസക്കുട്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ.കരീം ഉദ്ഘാടനം ചെയ്തു. പൊലീസിന്റെയും പഞ്ചായത്തിന്റെയും നിർദേശങ്ങൾ പാലിക്കാത്ത സന്ദർശകരെ നിയന്ത്രിക്കുന്നതിന് പരിസരപ്രദേശങ്ങളിലെ ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.
താൽക്കാലിക പരിഹാരം എന്ന നിലയിൽ സ്ഥിരം മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കും. സമീപപ്രദേശങ്ങളിലെ സ്വകാര്യ സ്ഥലങ്ങളിൽനിന്ന് വെള്ളച്ചാട്ടത്തിലേക്കു പ്രവേശിക്കുന്ന വഴികൾ കമ്പിവേലികൊണ്ട് കെട്ടിയടയ്ക്കാനും മറ്റു നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കാനും തീരുമാനിച്ചു. ഇതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം തേടും. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റഫീഖ് ബാവ, ഖദീജ ബീവി, കെ.പി.അസ്മാബി, ബിന്ദു കണ്ണൻ, ബാബു പട്ടുകുത്ത്, സി.അസീസ്, കെ.കുഞ്ഞാപ്പ, പഞ്ചായത്ത് സെക്രട്ടറി ഷജീർഖാൻ, കൊളത്തൂർ എസ്ഐമാരായ രാജു, ഗോപിനാഥ്, സ്പെഷൽ വില്ലേജ് ഓഫിസർ ശ്രീലത, വിഎഫ്‌എ ഷിജോ, സ്പൈഡേഴ്സ് ക്ലബ് ഭാരവാഹികളായ സുബൈർ, എം.പി.അഷ്റഫ്, എം.മണി, പി.ഉണ്ണി, മുസ്തഫ, റഫീഖ്, പി.ഫാസിൽ, ടി.ബാബു എന്നിവർ പങ്കെടുത്തു.