ADVERTISEMENT

ചിക്കൻ കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എണ്ണയിൽ വറുത്ത ചിക്കനെക്കാൾ ആരോഗ്യകരമാണ് ഗ്രിൽഡ് അല്ലെങ്കിൽ റോസ്റ്റഡ് ചിക്കൻ, പ്രത്യേകിച്ച് ചിക്കൻ ടിക്കയും തന്തൂരി ചിക്കനും എന്നൊരു പൊതുധാരണയുണ്ട്. എന്നാൽ ഈ ധാരണ എപ്പോഴും ശരിയല്ലെന്നാണ് ഹൈദരാബാദിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ വെളിപ്പെടുത്തുന്നത്. പാചകരീതി തെറ്റാണെങ്കിൽ ആരോഗ്യകരമെന്ന് നമ്മൾ കരുതുന്ന വിഭവങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം എന്ന് അദ്ദേഹം പറയുന്നു.

2271457817
Image credit: Tatiana Volgutova/Shutterstock

റസ്റ്ററന്‍റുകളിൽ നിന്ന് ലഭിക്കുന്ന ഗ്രിൽഡ് ചിക്കനിൽ പലപ്പോഴും അമിതമായ അളവില്‍ മാരിനേഷനുകൾ ഉപയോഗിക്കാറുണ്ട്. ഇത് പൂരിത കൊഴുപ്പും സോഡിയവും ശരീരത്തിൽ അമിതമായി എത്താൻ ഇടയാക്കും. ഇത്തരം അമിത കൊഴുപ്പും സോഡിയവും ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകാം.

1819078526

കൂടാതെ, ചിക്കൻ ശരിയായ രീതിയിൽ വേവിച്ചില്ലെങ്കിൽ സാൽമൊണെല്ല (Salmonella), കാംപിലോബാക്ടർ (Campylobacter) പോലുള്ള ബാക്ടീരിയകൾ വളരാനും ഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടാക്കാനും സാധ്യതയുണ്ട്.

ഗ്രിൽഡ് ചിക്കൻ തയാറാക്കുമ്പോൾ ആരോഗ്യകരമാക്കാൻ ചില വഴികൾ

ഗ്രിൽഡ് ചിക്കൻ പൂർണമായി ഒഴിവാക്കേണ്ടതില്ല. ചില മുൻകരുതലുകളോടെ പാചകം ചെയ്യുകയാണെങ്കിൽ ഇത് ആരോഗ്യകരമായ ഒരു വിഭവമാക്കി മാറ്റാൻ സാധിക്കും. മിതമായി കഴിക്കാനും ശ്രദ്ധിക്കുക.

- ആന്തരിക താപനില: ചിക്കൻ ചുരുങ്ങിയത് 75 ഡിഗ്രി സെൽഷ്യസ് (165°F) ആന്തരിക താപനിലയിൽ പാകം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഇത് മീറ്റ് തെർമോമീറ്റർ ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്.

chicken-grilled-bbq

- അമിത കൊഴുപ്പ് നീക്കം ചെയ്യുക: പാചകം ചെയ്യുന്നതിന് മുൻപ് ചിക്കനിലെ അമിതമായ കൊഴുപ്പ് നീക്കം ചെയ്യുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

- തൊലി ഒഴിവാക്കുക: ചിക്കന്‍റെ തൊലിയിൽ ഉയർന്ന അളവിൽ കൊഴുപ്പടങ്ങിയിരിക്കുന്നതിനാൽ, ഇത് മാറ്റുന്നത് കലോറിയും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കും.

- ആരോഗ്യകരമായ മാരിനേഷൻ: രാസവസ്തുക്കൾ കുറഞ്ഞതും നാരങ്ങാനീര്, വിനാഗിരി, പ്രകൃതിദത്തമായ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ചുള്ള മാരിനേഷനുകൾ തിരഞ്ഞെടുക്കുക. എണ്ണയുടെയും ഉപ്പിന്‍റെയും ഉപയോഗം മിതമാക്കുക.

- പാചക രീതി: നേരിട്ടുള്ള ഉയർന്ന തീയിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുക. ചെറിയ തീയിൽ സാവധാനം പാകം ചെയ്യുന്നത് ഹാനികരമായ സംയുക്തങ്ങൾ രൂപപ്പെടുന്നത് കുറയ്ക്കാൻ സഹായിക്കും. ഗ്രിൽ ചെയ്യുമ്പോൾ ഇടയ്ക്കിടെ ചിക്കൻ മറിച്ചിടാനും കരിഞ്ഞുപോകാതെ ശ്രദ്ധിക്കാനും ഓർക്കുക.

- പച്ചക്കറികൾക്കൊപ്പം: ചിക്കൻ ഗ്രിൽ ചെയ്യുമ്പോൾ ധാരാളം പച്ചക്കറികൾ കൂടി ഉൾപ്പെടുത്തുന്നത് ഭക്ഷണത്തിന്‍റെ പോഷകഗുണം വർദ്ധിപ്പിക്കാനും ആന്‍റി ഓക്‌സിഡന്‍റുകൾ നൽകാനും സഹായിക്കും

ഉയർന്ന താപനിലയും വെല്ലുവിളികളും

പ്രോട്ടീന്‍റെ മികച്ച ഉറവിടമാണ് ചിക്കൻ. എന്നാല്‍ ഇത്  ആരോഗ്യകരമായി കഴിക്കണമെങ്കില്‍ പാചകരീതി വളരെ പ്രധാനമാണ്. ഗ്രിൽഡ് ചിക്കൻ പോലുള്ള വിഭവങ്ങൾ ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന ചില രാസപ്രവർത്തനങ്ങൾ ശരീരത്തിന് ദോഷംചെയ്യും. 

മാംസത്തിലെ അമിനോ ആസിഡുകളും ക്രിയാറ്റിനും തീവ്രമായ ചൂടിൽ പ്രതിപ്രവർത്തിക്കുമ്പോൾ ഹെറ്ററോസൈക്ലിക് അമിൻ (HCAs), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) തുടങ്ങിയ അപകടകരമായ സംയുക്തങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഡോ. സുധീർ കുമാർ പറയുന്നു. ഈ സംയുക്തങ്ങൾക്ക് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കാൻ കഴിവുണ്ട്, പ്രത്യേകിച്ച് വൻകുടൽ, പാൻക്രിയാറ്റിക്, പ്രോസ്റ്റേറ്റ് ക്യാൻസറുകളുടെ സാധ്യത ഇവ വര്‍ധിപ്പിക്കും. 

‌‌‌‌കരിഞ്ഞ ഭാഗം കഴിക്കല്ലേ

ഗ്രിൽഡ് ചിക്കന്‍റെ കരിഞ്ഞതും കറുത്തതുമായ ഭാഗങ്ങൾക്ക് പ്രത്യേക സ്വാദുള്ളതുകൊണ്ട് പലരും അത് ഇഷ്ടപ്പെടുന്നു. എന്നാൽ, ഇവ കഴിക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. 

തന്തൂർ അടുപ്പിൽ പാകപ്പെടുത്തി എടുക്കുന്ന ചിക്കൻ രുചി. ചിക്കൻ കഷ്ണങ്ങൾ കട്ടി തൈരിലും തന്തൂരി മസാലയിലും നന്നായി കുഴച്ചെടുത്ത് കുറച്ചു നേരം വയ്ക്കണം. തന്തൂരി മസാലയിൽ സാധാരണ രീതിയിൽ കുരുമുളക്, മുളക് പൊടി എന്നിവചേർത്ത ഒരു മിശ്രിതമാണ്. സാധാരണ നല്ല നിറം കിട്ടുന്നതിനു വേണ്ടി കാശ്മീരി മുളക് പൊടി ഉപയോഗിക്കുന്നു. കൂടാതെ മഞ്ഞൾപൊടിയും ഉപയോഗിക്കുന്നു. ഈ മസാല നന്നായി പിടിച്ച ചിക്കൻ തന്തുർ അടുപ്പിൽ നന്നായി പൊരിച്ചെടുക്കുന്നു. ചിക്കൻ വലിയ കഷണങ്ങളായിട്ടാണ് ഇതിൽ ഉപയോഗിക്കുന്നത്. തന്തൂർ അടുപ്പ് ഇല്ലാതെ ഈ രുചി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

1. ചിക്കൻ -500 ഗ്രാം

2. കട്ട തൈര് - 3 ടേബിൾസ്പൂൺ

3. കശ്മീരി മുളകുപൊടി - 2 ടേബിൾസ്പൂൺ

4. മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ

5. കുരുമുളക് പൊടി - 1 ടീസ്പൂൺ

6. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 11/2 സ്പൂൺ

7. ഉപ്പ് - ആവശ്യത്തിന്

8. ഓയിൽ - 1 ടീസ്പൂൺ

9. ബട്ടർ - 1 ടീസ്പൂൺ

10. ചാർക്കോൾ അല്ലെങ്കിൽ ചിരട്ടക്കരി - 1 കഷ്ണം

തയാറാക്കുന്ന വിധം

വരഞ്ഞെടുത്ത ചിക്കൻ കഷ്ണങ്ങളിൽ തൈര്, കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ചു 30 മിനിറ്റ് ഫ്രിജിൽ വയ്ക്കുക. ഒരു പാൻ ചുടാക്കി അതിലേക്ക് ഓയിലും ബട്ടറും ചേർത്ത് മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ ഇടാം.

ഓരോ വശവും 2 മിനിറ്റ് വീതം തിരിച്ചും മറച്ചും ഇട്ട് 15 മിനിറ്റ് പാകം ചെയ്യാം. ചിക്കൻ വെന്തു കഴിഞ്ഞാൽ ചാർക്കോൾ കത്തിച്ചു ഒരു സ്റ്റീൽ ഗ്ലാസിൽ ഇട്ട് പാനിന്റെ നടുവിൽ വച്ച് കൊടുക്കാം .അതിലേക്കു പെട്ടെന്നുതന്നെ 1/4 ടീസ്പൂൺ ഓയിൽ ഒഴിച്ച് ഒരു പാത്രം കൊണ്ട് അടയ്ക്കുക, തന്തൂരി രുചി ലഭിക്കാൻ വേണ്ടിയാണിത്. രണ്ടു മിനിറ്റ് കഴിഞ്ഞാൽ തുറക്കാം.

English Summary:

Safe Cooking Temperature for Chicken

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com