വെറും 'കിഴങ്ങ്' അല്ല ഉരുളക്കിഴങ്ങ്; ആഘോഷിക്കാനായി ദിനമുണ്ട്

Mail This Article
ഉരുളക്കിഴങ്ങിന് ദിനമോ? കണ്ണു തള്ളേണ്ട, ഇന്ന് രാജ്യാന്തര ഉരുളക്കിഴങ്ങ് ദിനമാണ്. എല്ലാ വർഷവും മേയ് 30 ന് ഉരുളക്കിഴങ്ങ് ദിനം ആഘോഷിക്കും. 2023 ലാണ് മേയ് 30ലെ ഐകരാഷ്ട്ര സഭ ലോക ഉരുളക്കിഴങ്ങു ദിനമായി പ്രഖ്യാപിച്ചത്. ഈ ദിനം ഉരുളക്കിഴങ്ങിന്റെ ചെറുകിട കൃഷി ഉൽപാദനത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് സ്ത്രീ കർഷകർ ഉൾപ്പെടെയുള്ള ഗ്രാമീണ കർഷകർ ഉറുളക്കിഴങ്ങിന്റെ ഉത്പാദനത്തിലൂടെ വിശപ്പ്, പോഷകാഹാരക്കുറവ്, ദാരിദ്ര്യം എന്നിവ കുറയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നു.
ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള ഒരു ഭക്ഷ്യ വിഭവമാണ് ഉരുളക്കിഴങ്ങ്. ദക്ഷിണ അമേരിക്കയിലെ ആൻഡീസ് മേഖലയിൽ ഉത്ഭവിച്ച ഈ കിഴങ്ങ് 16-ാം നൂറ്റാണ്ടിൽ യൂറോപ്പിലെത്തി തുടർന്ന് ലോകമെമ്പാടും വ്യാപിച്ചു. ഏറെ പോഷണത്തിന്റെ ഉറവിടമാണ് ഈ വിള. വിവിധ കാലാവസ്ഥകളിൽ വളരാൻ കഴിയുമെന്നത് ലോകത്തിലെ പലഭാഗത്തേയ്ക്കും ഈ വിള വ്യാപിക്കുന്നതിന് കാരണമായി. മറ്റ് വിളകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ അളവിൽ ഹരിതഗൃഹ വാതകങ്ങൾ പുറപ്പെടുവിക്കുന്നതിനാൽ ഉരുളക്കിഴങ്ങ് കാലാവസ്ഥാനുകൂലമായ ഒരു വിള കൂടിയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ കഴിക്കപ്പെടുന്ന പച്ചക്കറികളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ്. കറികളായും സ്നാക്കായുമൊക്കെ കഴിക്കാൻ മിക്കവർക്കും പ്രിയമാണ്. 2019 ൽ ഓരോ അമേരിക്കക്കാരനും ഏകദേശം 25 കിലോയ്ക്കടുത്ത് ഉരുളക്കിഴങ്ങ് കഴിച്ചതായി കണക്കാക്കപ്പെടുന്നു. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്നതുമായ പച്ചക്കറി എന്ന നിലയില്‍ വളരെ ജനപ്രിയമാണ് ഉരുളക്കിഴങ്ങ്. തൊലിയുള്ള ഒരു ഇടത്തരം ഉരുളക്കിഴങ്ങിൽ ഏകദേശം 168 കലോറി ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു. കൂടാതെ, 4 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ്, 39 ഗ്രാം കാർബോഹൈഡ്രേറ്റ്, 3 ഗ്രാം ഫൈബർ, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയും ഉണ്ട്.

ഉരുളക്കിഴങ്ങ് ചോറ്, വേറെ കറികൾ ഒന്നും വേണ്ട
ഊണിനു വ്യത്യസ്ത രുചിയിലൊരുക്കാവുന്ന വിഭവം, കുട്ടികൾക്ക് ലഞ്ച് ബോക്സിലും കൊടുത്തുവിടാം.
ചേരുവകൾ
ഉരുളക്കിഴങ്ങ് – 3
സവാള – 1
തക്കാളി – 1
കടുക് – 1 ടീസ്പൂൺ
ജീരകം – 1/2 ടീസ്പൂൺ
ബേ ലീഫ് – 1
ഏലക്കായ – 2
ഗ്രാമ്പൂ – 2
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 11/2 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
ഇഞ്ചി – 1 കഷ്ണം
വെളുത്തുള്ളി – 5
കറിവേപ്പില
ചുവന്ന മുളക് – 2
വെളിച്ചെണ്ണ – 2 1/2 ടേബിൾ സ്പൂൺ
ഉപ്പ്
ചോറ് – 2 കപ്പ്
തയാറാക്കുന്ന വിധം
ഒരു ചീനചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുക്, ജീരകം, ബേ ലീഫ്, ഗ്രാമ്പൂ, ഏലക്കായ എന്നിവ ഇട്ട് മൂത്തതിനു ശേഷം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുക. കറിവേപ്പില, ചുവന്ന മുളക് എന്നിവ ഇട്ടതിനു ശേഷം സവാള ചേർക്കുക, വഴന്നു വരുമ്പോൾ തക്കാളി ചേർക്കുക, ആവശ്യത്തിന് ഉപ്പ് ചേർത്തു വഴന്നു വരുമ്പോൾ ഉരുളക്കിഴങ്ങ് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കണം. ഉരുളക്കിഴങ്ങു വെന്തു കഴിഞ്ഞാൽ പൊടികൾ ചേർക്കുക, പൊടികൾ ചേർത്തതിനു ശേഷം ചോറും കൂടി ചേർത്തു നന്നായി യോജിപ്പിച്ചതിനു ശേഷം വാങ്ങുക. ഉരുളക്കിഴങ്ങ് ചോറ് തയാർ.(മമത വി എൻ)
ഉരുളക്കിഴങ്ങ് റോസ്റ്റ്, ഉഗ്രൻ രുചി
പൊറോട്ട, ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാവുന്ന ഉരുളക്കിഴങ്ങ് റോസ്റ്റ്.
ചേരുവകൾ
ഉരുളക്കിഴങ്ങ് - 2 എണ്ണം
കോൺഫ്ലോർ
കുരുമുളകുപൊടി
ഉപ്പ്
സവാള - 2 ഇടത്തരം വലിപ്പം ചെറുതായി അരിഞ്ഞത്
തക്കാളി - 1 ഇടത്തരം വലിപ്പം ചെറുതായി അരിഞ്ഞത്
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി - 4 അല്ലി
പച്ചമുളക് - 2 എണ്ണം
മുളകുപൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
മല്ലിപ്പൊടി - 2 ടീസ്പൂൺ
ഗരം മസാല - 1/4 ടീസ്പൂൺ
പെരുംജീരകം പൊടി - 1/4 ടീസ്പൂൺ
മല്ലിയില
എണ്ണ - വറുത്തെടുക്കുന്നതിന്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ക്യൂബ്സ് അല്ലെങ്കിൽ ഫിംഗർ ചിപ്സ് ആകൃതിയിൽ മുറിക്കുക.
നന്നായി കഴുകി വെള്ളം അരിച്ചെടുക്കുക.
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക.
ഒരു പാത്രത്തിൽ സവാള, തക്കാളി, ചതച്ച ഇഞ്ചിവെളുത്തുള്ളി , പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
പെരുംജീരകപ്പൊടിയും ഗരം മസാലയും ചേർത്ത് വീണ്ടും യോജിപ്പിക്കുക.
ഒരു കടായി ചൂടാക്കി വറുക്കുന്നതിന് എണ്ണ ചേർക്കുക.
ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ, 1 ടേബിൾസ്പൂൺ കോൺഫ്ലോർ, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർക്കുക. നന്നായി യോജിപ്പിക്കുക.
ഗോൾഡൻ ബ്രൗൺ വരെ എണ്ണയിൽ വറുത്തെടുക്കുക.
ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഒരു സമയത്ത് എല്ലാ കഷ്ണങ്ങളും മിക്സ് ചെയ്യരുത്.
ബാച്ചുകളായി വറുത്തെടുക്കുന്നതിന് ആവശ്യമുള്ള അളവിൽ മിക്സ് ചെയ്യുക.
കടായിയിൽ 2 ടേബിൾസ്പൂൺ എണ്ണ ബാക്കിവച്ചു കടായിയിൽ നിന്ന് അധിക എണ്ണ നീക്കംചെയ്യുക.
സവാള മിക്സ് ചേർത്ത് ഉയർന്ന തീയിൽ ഒരു മിനിറ്റ് വഴറ്റുക.
അതിനുശേഷം തീ മീഡിയത്തിലേക്ക് കുറയ്ക്കുക, തക്കാളി മൃദുലമാകുന്നതുവരെ അടപ്പ് ഉപയോഗിച്ച് വേവിക്കുക.
ഉപ്പ് പരിശോധിച്ച് ആവശ്യമെങ്കിൽ ചേർക്കുക. തക്കാളിയും ഉള്ളിയും നന്നായി വേവിച്ചുകഴിഞ്ഞാൽ, 1/4 കപ്പ് ചൂടുവെള്ളം ചേർക്കുക. വെള്ളം വറ്റി വരുന്നതു വരെ വേവിക്കുക. വറുത്ത ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി യോജിപ്പിക്കുക. മല്ലിയില ചേർത്ത് നന്നായി ഇളക്കുക.
തീ അണച്ച് ചൂടോടെ വിളമ്പാം.