ഹോളിവുഡ് താരപ്പകിട്ടിന്റെ പര്യായമായ മുഖം. ഹോളിവുഡ് ചലച്ചിത്രങ്ങളുടെ ആരാധകരല്ലാത്തവർക്കു പോലും സുപരിചിതയാണ് ആഞ്ജലീന ജോളി.
വെള്ളിത്തിരയിൽ ജീവൻ നൽകിയ കഥാപാത്രങ്ങളെക്കാൾ സംഭവബഹുലവും സങ്കീർണത നിറഞ്ഞതുമാണ് അവരുടെ ജീവിതം. സൂപ്പർതാരം ബ്രാഡ് പിറ്റുമായുള്ള വിവാഹബന്ധം എട്ടുവർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിൽ വേർപെടുത്തിയതോടെ ആഞ്ജലീന വീണ്ടും വാർത്തകളിൽ നിറയുകയാണ്
പ്രഫഷണൽ രംഗത്ത് നേട്ടങ്ങൾ കൊയ്യുമ്പോഴും ഒട്ടേറെ വെല്ലുവിളികൾ നേരിട്ടതായിരുന്നു ആഞ്ജലീനയുടെ സ്വകാര്യ ജീവിതം.
90കളുടെ മധ്യത്തിലാണ് ‘ഗേൾ’, ‘ഇന്ററപ്റ്റഡ്’ എന്നീ ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെയും അക്കാദമി അവാർഡിലൂടെയും ആഞ്ജലീനയുടെ അഭിനയജീവിതം പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുന്നത്.
ചുരുങ്ങിയകാലത്തിൽ ലോകത്തിലെ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന അഭിനേതാക്കളിൽ ഒരാളായി ആഞ്ജലീന മാറി. പ്രൊഫൈലിൽ ബ്ലോക്ക് ബസ്റ്ററുകളുടെ എണ്ണം വർധിച്ചുകൊണ്ടേയിരുന്നു
അഭിനേത്രി എന്ന നിലയിൽ മാത്രമല്ല സംവിധായക വേഷമണിഞ്ഞപ്പോഴും ഹോളിവുഡിൽ ഇത്രത്തോളം കഴിവുറ്റ മറ്റൊരു താരമുണ്ടോയെന്ന് സിനിമാസ്വാദകർ അത്ഭുതപ്പെട്ടു.
പടിപടിയായി ഹോളിവുഡിൽ സൂപ്പർതാര പരിവേഷത്തിൽ നിൽക്കുമ്പോഴും സ്വകാര്യജീവിതം അത്രസുഖകരമായി നയിക്കാൻ ആഞ്ജലീനക്ക് കഴിഞ്ഞിരുന്നില്ല. ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയ 1996ൽ ആയിരുന്നു ബ്രിട്ടിഷ് നടൻ ജോണി ലി മില്ലറുമായുള്ള വിവാഹം. മൂന്നുവർഷം മാത്രമായിരുന്നു ആ ദാമ്പത്യത്തിന് ആയുസ്സ്.
2000 ൽ നടൻ ബില്ലി ബോബിനെ താരം വിവാഹം ചെയ്തു. പൊതുയിടങ്ങളിൽ പോലും പരസ്യമായി സ്നേഹപ്രകടനം നടത്തി ഇരുവരും മാധ്യമങ്ങളിൽ നിറഞ്ഞു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഈ വിവാഹബന്ധവും മൂന്നുവർഷം മാത്രമാണ് നീണ്ടത്. ബില്ലിൽ നിന്നും വിവാഹമോചനം നേടിയ ആഞ്ജലീന അതിനുശേഷം തന്റെ കരിയർ മെച്ചപ്പെടുത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി സമയം കണ്ടെത്തി
എന്നാൽ ഇതിനിടെ 2003ലാണ് ആഞ്ജലീനയുടെ സ്വകാര്യജീവിതം ഏറെ മാധ്യമശ്രദ്ധ നേടിയത്. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ചലച്ചിത്രത്തിന്റെ ലൊക്കേഷനിൽ സൂപ്പർതാരം ബ്രാഡ് പിറ്റിനെ കണ്ടുമുട്ടുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്തതോടെയായിരുന്നു അത്. ഇരുവരുടെയും ഓൺ സ്ക്രീൻ കെമിസ്ട്രി ജീവിതത്തിലേക്കും പടർന്നു.
ആരാധകലോകം 'ബ്രാഞ്ജലീന ' എന്ന പേരിൽ ഈ ബന്ധം ആഘോഷമാക്കി. പ്രണയബന്ധത്തിൽ പത്തുവർഷം തുടർന്ന ശേഷം 2014ലാണ് ഇരുവരും ഔദ്യോഗികമായി വിവാഹിതരായത്.വിവാഹിതരാകുന്നതിന് മുൻപ് തന്നെ ഇരുവരും മൂന്നു കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി. ഇതിനുപുറമേ മറ്റു മൂന്നു കുട്ടികളെ ദത്തെടുത്ത് ആറു മക്കളുമൊത്തായിരുന്നു ഇവരുടെ ജീവിതം.
ആധുനിക ലോകത്തെ പവർ കപ്പിൾ എന്ന നിലയിൽ ലോകം ഇരുവരെയും വാഴ്ത്തി. എന്നാൽ പുറമേ സന്തോഷപൂർണമായിരുന്ന ഇവരുടെ ജീവിതത്തിലെ പൊരുത്തക്കേടുകൾ അധികം വൈകാതെ പുറത്തുവരികയായിരുന്നു.
2016 ആരാധകരെയും ഞെട്ടിച്ചു ഇരുവരും വേർപിരിഞ്ഞു. അതേവർഷം ആഞ്ജലീന വിവാഹബന്ധം വേർപിരിയുന്നതിനുള്ള അപേക്ഷ സമർപ്പിച്ചു. ഒരുമിച്ച് പോകാനാവാത്ത വിധത്തിലുള്ള പൊരുത്തക്കേടുകൾ ഉണ്ടെന്നതായിരുന്നു കാരണം.
കുട്ടികളുടെ സംരക്ഷണവും സ്വത്ത് വിഭജനവും സംബന്ധിച്ച് ഇരുവരും തമ്മിൽ ധാരണയിൽ എത്താൻ സാധിച്ചില്ല. പിന്നീടിങ്ങോട്ട് വർഷങ്ങൾ നീണ്ട നിയമം പോരാട്ടമായിരുന്നു. കുട്ടികളുടെ സ്വകാര്യതയും ക്ഷേമവും ഉറപ്പാക്കിക്കൊണ്ടുതന്നെയാണ് ഇരുവരും നിയമയുദ്ധത്തിൽ ഏർപ്പെട്ടത്.
പ്രശ്നങ്ങൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്നും ആഞ്ജലീന വിട്ടുനിന്നിരുന്നില്ല. സംഘർഷ മേഖലകളിലേയ്ക്ക് നിരന്തരം യാത്ര ചെയ്തും അഭയാർഥികൾക്കു വേണ്ടി പ്രവർത്തിച്ചും താരം വാർത്തകളിൽ നിറഞ്ഞു.പ്രശസ്തി എങ്ങനെ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കാം എന്നതിന്റെ ഏറ്റവും മികച്ച മാതൃകയായാണ് ലോകം ആഞ്ജലീനയെ കാണുന്നത്.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കെ നേരിടുന്ന ചെറിയ തിരിച്ചടികൾ വരെ സെലിബ്രിറ്റികളുടെ, പ്രത്യേകിച്ച് ചലച്ചിത്ര താരങ്ങളുടെ, പതനത്തിനു കാരണമാകാറുണ്ട്. എന്നാൽ ഒന്നിനു പിറകെ ഒന്നായി ജീവിതബന്ധങ്ങൾ പരാജയപ്പെട്ടപ്പോഴും വെല്ലുവിളികൾ നേരിടേണ്ടി വന്നപ്പോഴുമെല്ലാം അവയെ എല്ലാം മനഃശക്തികൊണ്ട് മറികടന്ന് സഹജീവി സ്നേഹത്തിന്റെ മാതൃക എന്ന നിലയിൽ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങുകയാണ് ആഞ്ജലീന.