മന്നത്തിൽ നവീകരണം: ജോലിക്കാർക്ക് ഇടക്കാലത്തേക്ക് ആഡംബരവീട് നൽകി ഗൗരിഖാൻ

Mail This Article
ഷാറൂഖ് ഖാന്റെ മന്നത്ത് ബംഗ്ലാവിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ട് ഏതാനും മാസങ്ങൾ പിന്നിട്ടു. നവീകരണം പൂർത്തിയാകുന്നത് വരെയുള്ള കാലയളവിലേക്ക് താമസിക്കാനായി പാലി ഹിൽ ഏരിയയിൽ രണ്ട് ഫ്ലാറ്റുകൾ ഖാൻ കുടുംബം വാടകയ്ക്ക് എടുത്തിട്ടുണ്ട്. മന്നത്തിലെ ജീവനക്കാരുടെ താമസം കൂടി കണക്കിലെടുത്താണ് രണ്ട് ഫ്ളാറ്റുകൾ എടുത്തത് എന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ ഇപ്പോൾ പുതിയ വീടിന് സമീപത്തുതന്നെ ജോലിക്കാർക്ക് വേണ്ടി ഗൗരി ഖാൻ പുതിയ ഒരു വീട് വാടകയ്ക്കെടുത്തു എന്നാണ് റിപ്പോർട്ട്.
പാലി ഹില്ലിലെ വീട്ടിൽനിന്ന് 100 മീറ്റർ മാത്രം അകലെയാണ് ജോലിക്കാർക്കുള്ള പുതിയ വീട്. പങ്കജ് സൊസൈറ്റി കെട്ടിടത്തിലെ 724 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റാണിത്. 1.35 ലക്ഷം രൂപയാണ് ഫ്ലാറ്റിന്റെ പ്രതിമാസ വാടക എന്ന് റിയൽ എസ്റ്റേറ്റ് ഏജൻസിയായ സാപ്കി വെളിപ്പെടുത്തുന്നു. അടുക്കള, ഹാൾ, രണ്ട് കിടപ്പുമുറികൾ, രണ്ടു വാഷ് റൂമുകൾ എന്നിവയാണ് ഈ വീട്ടിലുള്ളത്. മൂന്നുവർഷത്തേക്കാണ് വാടക കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

പൂജാ കാസ കെട്ടിടത്തിലെ അപ്പാർട്ട്മെന്റുകൾ ഷാറൂഖും കുടുംബവും വാടകയ്ക്കെടുത്തിരിക്കുന്നതും ഏതാണ്ട് ഇതേകാലയളവിലേക്ക് തന്നെയാണ്. ജോലിക്കാർക്ക് കണ്ടെത്തിയ വീടിന് 4.05 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തിലും ഗൗരി ഖാൻ കെട്ടിവച്ചിട്ടുണ്ട്. പ്രതിവർഷം വാടക നിരക്കിൽ അഞ്ചു ശതമാനം വർദ്ധനവുണ്ടാകുമെന്നും കരാറിൽ സൂചിപ്പിക്കുന്നു.
പൂജാ കാസ കെട്ടിടത്തിൽ ആകെ 10,500 ചതുരശ്ര അടി വ്യാപിച്ചുകിടക്കുന്ന രണ്ട് ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റുകളിലായാണ് നിലവിൽ കിങ് ഖാന്റെയും കുടുംബത്തിന്റെയും താമസം. ചലച്ചിത്ര നിർമാതാക്കളായ ഭഗ്നാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പൂജാ കാസ കെട്ടിടം. മന്നത്ത് ബംഗ്ലാവിൽ അധികമായി രണ്ടു നിലകൾ ഉൾപ്പെടുത്തി ബംഗ്ലാവിന്റെ വലുപ്പം 616.02 ചതുരശ്ര മീറ്റർ കൂടി വർധിപ്പിക്കുന്നതിന് വേണ്ടിയാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.